എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ആന്റണി കരിയിൽ ഔദ്യോഗികമായി ചുമതലയേറ്റു. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ നടക്കുന്ന ചടങ്ങില്‍ സിറോ മലബാർ സഭ മേജർ ആർച്ചു ബിഷപ് ജോർജ് ആലഞ്ചേരിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ ആർച്ച് ബിഷപ്പിന് കഴിയുമെന്ന് കര്‍ദിനാള്‍ ജോർജ് ആലഞ്ചേരി പറഞ്ഞു. സിറോ മലബാർ സഭ സിനഡിന്റെ വർഷകാല സമ്മേളനത്തിന്റെ നിർദേശപ്രകാരമാണ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് മെത്രാപ്പൊലീത്തൻ വികാരി ഭരണചുമതല ഏറ്റടുത്തത്.
ആർച്ച് ബിഷപ്പ് പദവിയോടെ തന്നെ ആൻറണി കരിയിലിനെ വത്തിക്കാൻ നിയമിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കർദിനാൾ ആലഞ്ചേരി പറഞ്ഞു. അനുയോജ്യനായ ഒരാളുടെ കൈകളിൽ തന്നെയാണ് ഭരണചുമതല ഏൽപിച്ചതെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് ആർച്ച് ബിഷപ്പ് ആൻറണി കരിയിൽ പറഞ്ഞു. ആർച്ച് ബിഷപ് ആന്റണി കരിയിലിന്റെ നേതൃത്വത്തിൽ കുർബാന നടന്നു. സ്ഥാനാരോഹണ ചടങ്ങിൽ കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.