പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സിറ്റിംഗ് എം.പി ആന്റോ ആന്റണി വീണ്ടും സ്ഥാനാർത്ഥിയായേക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ സാന്നിധ്യത്തിൽ ഡി.സി.സിയിൽ നടന്ന തെരഞ്ഞെടുപ്പ് ആലോചന യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് സൂചന.
ആന്റോ ആന്റണിക്ക് ഒരിക്കൽ കൂടി അവസരം ലഭിച്ചേക്കും എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ആലോചന യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് നൽകിയത്. കഴിഞ്ഞ കാലയളവിൽ ആന്റോ ആന്റണിക്ക് മണ്ഡലത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അത് തുടരാൻ കഴിയട്ടെയെന്നും മുകുൾ വാസ്നിക് യോഗത്തിൽ പറഞ്ഞു. സ്ഥാനാർത്ഥി പരിഗണനയിലുള്ള പി.ജെ കുര്യൻ വേദിയിൽ ഉള്ളപ്പോഴായിരുന്നു മുകുൾ വാസ്നിക്കിന്റെ പരാമർശം. ബി.ജെ.പി വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് തെളിഞ്ഞതായും കേരളത്തിൽ കോൺഗ്രസിന് നേട്ടുണ്ടാക്കാനാവുമെന്നും മുകുൾ വാസ്നിക് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രതികരണം നടത്തിയില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സംഘടനാ സംവിധാനം സജീവമാക്കണമെന്ന നിർദേശം നൽകിയാണ് മുകുൾ വാസ്നിക് മടങ്ങിയത്.