India Kerala

കോവിഡ് ഭീതിയകലാതെ മലപ്പുറം; പൊന്നാനി താലൂക്കിൽ ഉൾപ്പെടെ ആന്‍റിജന്‍ ടെസ്റ്റുകൾ ഇന്ന് ആരംഭിക്കും

കോവിഡ് ഭീതിയകലാതെ മലപ്പുറം ജില്ല. ജില്ലയിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 35 കോവിഡ് കേസുകളിൽ 3 പേർക്ക് രോഗം പടർന്നത് സമ്പർക്കത്തിലൂടെയാണ്. പൊന്നാനി താലൂക്കിൽ ഉൾപ്പെടെ ആന്‍റിജന്‍ ടെസ്റ്റുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ രേഖപ്പെടുത്തിയ മലപ്പുറം ജില്ലയിൽ സമ്പർക്കത്തിലൂടെ 3 പേർക്കാണ് രോഗബാധയുണ്ടായത്..

ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച എടക്കര സ്വദേശിയുമായി അടുത്തിടപഴകിയ 56 വയസുകാരന്‍, ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറുമായി അടുത്തിടപഴകിയ ആശുപത്രി ജീവനക്കാരി, എടപ്പാള്‍ ശുകപുരം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു വയസ്സ് പ്രായമുള്ള കുട്ടി ‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.കോവിഡ് വ്യാപന സാധ്യത നിലനിൽക്കുന്ന പൊന്നാനിയിൽ ആന്‍റിജന്‍ ടെസ്റ്റുകൾ ഇന്ന് മുതൽ ആരംഭിക്കും. ജില്ലയിൽ കണ്ടയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച താനൂർ നാഗസഭാ പരിധിയിലും കടുത്ത നിയന്ത്രണങ്ങൾ തുടരും .

ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ ഏതാനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട് . അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട് . റേഷൻ വിതരണത്തിനായി റേഷൻ കടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും .അവശ്യ സാധനങ്ങൾ ലഭ്യമല്ലെന്നും ആശുപത്രി സേവനമുൾപ്പെടെ നിഷേധിക്കുന്നവെന്നും കാണിച്ചു യു.ഡി.എഫ് പ്രതിഷേധത്തിന് പിറകെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ജില്ലയിലിത് വരെ 607 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത് . ഇതിൽ 254 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നത് .കഴിഞ്ഞ ദിവസം 10 പേർ രോഗ മുക്തി നേടിയിരുന്നു.