Kerala

ഉത്തരക്കടലാസ് കാണാതായതിന് പിന്നിൽ ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമെന്ന് സംശയം; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്

ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
സർവകലാശാലയിലെ പല സിസിടിവികളും പ്രവർത്തിക്കുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സർവകലാശാലയിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാകാം ഉത്തര പേപ്പർ കാണാതായതിന് പിന്നിലെന്നാണ് സംശയമുണ്ട്. ഫോറൻസിക് സംഘവും സർവകലാശാലയിലെത്തി പരിശോധന നടത്തും. കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് കാണാതായ പി.ജി സംസ്‌കൃത സാഹിത്യം വിഭാഗത്തിലെ 276 ഉത്തരേ പേപ്പറുകൾ ഇന്നലെ ഉച്ചയോടെ പരീക്ഷ വിഭാഗം ഓഫിസിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. സർവകലാശാല അധികൃതർ തന്നെയാണ് പേപ്പർ കണ്ടെത്തിയ വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. സംഭവത്തിൽ അകാരണമായി സസ്‌പെൻഡ് ചെയ്ത അധ്യാപകൻ കെ.എ സംഗമേശനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടന നിരാഹാര സമരം തുടരുന്നതിനിടെയായിരുന്നു ഉത്തരക്കടലാസ് കണ്ടെത്തിയത്. സംഭവത്തിൽ സസ്‌പെൻഷൻ പിൻവലിച്ചതോടെ സർവകലാശാലയിലെത്തിയ കെ. എ സംഗമേശന് അധ്യാപകർ സ്വീകരണം നൽകി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു തന്നെയാണ് പൊലീസും നൽകുന്ന വിവരം. ഒരാഴ്ച മുഴുവൻ അരിച്ചു പെറുക്കിയിട്ടും കിട്ടാത്ത ഉത്തരക്കടലാസ് സർവകലാശാല ജീവനക്കാർ തന്നെ കണ്ടെടുത്തതിൽ ചില സംശയങ്ങളും നിലനിൽക്കുന്നുണ്ട്. സർവകലാശാലയിൽ ഫോറൻസിക് സംഘത്തിന്റെ പരിശോധനയും ഉണ്ടാകും.