കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അധ്യാപകരുടെ ഉപവാസ സമരം. പരീക്ഷ പേപ്പര്‍ കാണാതായ വിഷയത്തില്‍ സസ്‌പെന്‍ഷനിലായ ഡോ.കെ എം സംഗമേശനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തിലാണ് പിജി സംസ്‌കൃത സാഹിത്യത്തിലെ പരീക്ഷ വിഭാഗം ചെയര്‍മാന്‍ കെ എം സംഗമേശനെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തത്.
ജനുവരിയില്‍ നടന്ന സംസ്‌കൃത സാഹിത്യ വിഭാഗം പരീക്ഷയുടെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തിലായിരുന്നു നടപടി. മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുകള്‍ കൈമാറിയെന്നാണ് ഡോ. സംഗമേശന്റെ വിശദീകരണം. എന്നാല്‍ പരീക്ഷ ചുമതലയുള്ള ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനുള്ള സര്‍വകലാശാലയുടെ നീക്കത്തിനെതിരെയാണ് അധ്യാപകര്‍ രംഗത്തെത്തിയത്. പ്രൊഫ.കെ എം സംഗമേശന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകരുടെ സംഘടനയായ എഎസ്എസ്‌യുടിയുടെ നേതൃത്യത്തിലാണ് വൈസ് ചാന്‍സിലറുടെ ചേമ്പറിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിച്ചത്.
എഎസ്എസ്‌യുടി പ്രസിഡന്റ് കൂടിയായ പ്രൊഫ.കെ എം സംഗമേശനെ തിരിച്ചെടുക്കും വരെ പ്രതിഷേധം തുടരാനാണ് അധ്യാപകരുടെ തീരുമാനം. മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുകള്‍ ലഭിച്ചിട്ടില്ലെന്ന വകുപ്പ് മേധാവി കെ ആര്‍ അംബികയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അതേസമയം പരീക്ഷ പേപ്പര്‍ കണ്ടെത്തി ഉടന്‍ ഫലം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി പി ജി സംസ്‌കൃത സാഹിത്യ വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. എന്നാല്‍ വൈസ് ചാന്‍സലറെ കണ്ട് പരാതി നല്‍കാനെത്തിയ വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റി കവാടത്തിന് മുന്നില്‍ തടഞ്ഞു.
പി ജി സംസ്‌കൃത സാഹിത്യം വിഭാഗം പരീക്ഷയുടെ 276 ഉത്തര പേപ്പറുകളാണ് കഴിഞ്ഞ ദിവസം കാണാതായത്. സംഭവത്തില്‍ വീഴ്ച വരുത്തിയ പരീക്ഷ ചുമതലയുള്ള ചെയര്‍മാന്‍ കെ എ സംഗമേശനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മൂന്നംഗ ഉപസമിതിയെയും ഏര്‍പ്പെടുത്തി.