Cultural Entertainment Kerala

ചലച്ചിത്ര അക്കാദമിയില്‍ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വീണ്ടും തിരക്കിട്ട നീക്കം

ആറ് പേരെ സ്ഥിരപ്പെടുത്തണമെന്ന് അക്കാദമി സർക്കാരിനോട് ആവശ്യപ്പെട്ടു. ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരെ സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം

ചലച്ചിത്ര അക്കാദമിയില്‍ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വീണ്ടും തിരക്കിട്ട നീക്കം. ആറ് പേരെ സ്ഥിരപ്പെടുത്തണമെന്ന് അക്കാദമി സർക്കാരിനോട് ആവശ്യപ്പെട്ടു. അക്കാദമി സെക്രട്ടറിയാണ് കത്ത് നല്‍കിയത്.

ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന റെക്കോഡ് കീപ്പർ, റിസപ്ഷനിസ്റ്റ്, ഹൗസ് കീപ്പിങ്, അറ്റന്‍ഡന്റ്, പ്രൊജക്ഷനിസ്റ്റുകള്‍ എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം. പത്ത് വർഷം പൂർത്തിയായത് ചൂണ്ടികാണിച്ചാണ് നടപടി. അക്കാദമി ഭരണ സമിതിയുടെ ശുപാർശ സെക്രട്ടറി സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് കൈമാറി. സാംസ്കാരിക വകുപ്പ് ഇതുമൂലമുള്ള സാമ്പത്തിക ബാധ്യത അക്കാദമിയോട് ആരാഞ്ഞിട്ടുണ്ട്.

നേരത്തെ ഡെപ്യൂട്ടി ഡയറക്ടർ ഫെസ്റ്റിവല്‍ അടക്കമുള്ള തസ്തികയിലേക്ക് സ്ഥിര നിയമനം നടത്താനുള്ള നീക്കം പൊളിഞ്ഞിരുന്നു. ഇടതുപക്ഷ സ്വഭാവമുള്ളവരെ നിയമിക്കണമെന്നുള്ള ചെയർമാന്‍ കമലിന്‍റെ കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടതോടെയാണ് നീക്കം പാളിയത്. എന്നാല്‍ 10 വർഷം പൂര്‍ത്തിയായവര്‍ക്ക് മുന്‍ സര്‍ക്കാരുകളും സ്ഥിര നിയമനം നല്‍കിയിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ നീക്കത്തില്‍ തെറ്റില്ലെന്ന വാദത്തിനായി അക്കാദമി മുന്നോട്ട് വെയ്ക്കുന്നത്.