India Kerala

സ്ഥിരനിക്ഷേപം പിന്‍വലിച്ചപ്പോള്‍ അധികം ലഭിച്ചത് ഒന്നരലക്ഷത്തോളം രൂപ: ട്രഷറി സോഫ്റ്റ് വെയറിൽ വീണ്ടും പിഴവ്

സംസ്ഥാന ട്രഷറി സോഫ്റ്റ് വെയറിൽ വീണ്ടും പിഴവ്‌. തിരുവനന്തപുരം കടയ്ക്കാവൂർ ട്രഷറിയിൽ സ്ഥിര നിക്ഷേപമിട്ടയാൾക്ക് ഇത് പിൻവലിച്ചപ്പോൾ ഒന്നര ലക്ഷത്തോളം രൂപ അധികമായി അക്കൗണ്ടിലെത്തി. തിരുവനന്തപുരം ജില്ലാ ട്രഷറിയിലും വീഴ്ചയുണ്ടായി. എന്നാൽ ഡാറ്റാ എൻട്രിയിലെ പിശക് മാത്രമാണെന്നാണ് ട്രഷറി ഡയറക്ടറേറ്റിന്‍റെ വിശദീകരണം.

തിരുവനന്തപുരം കടയ്ക്കാവൂർ ട്രഷറിയിലും ജില്ല ട്രഷറിയിലുമാണ് സോഫ്റ്റ് വെയർ പിഴവ് കാരണം അധിക തുക ഇടപാടുകാരുടെ അക്കൗണ്ടുകളിലെത്തിയത്. കടയ്ക്കാവൂരിൽ സ്ഥിര നിക്ഷേപമിട്ടയാൾക്ക് ഇത് പിൻവലിച്ചപ്പോൾ 1,47000 രൂപ അധികമായി അക്കൗണ്ടിലെത്തി. നിക്ഷേപത്തിന്‍റെ കാലാവധി 365 ദിവസം എന്നതിനുപകരം 365 ആഴ്ച എന്നായി രേഖപ്പെടുത്തി. ഇതേതുടർന്ന് എഫ്ഡി അക്കൗണ്ടിൽ നിന്ന് പണം ഓൺലൈനായി സേവിംങ്സ് അക്കൗണ്ടിലേക്ക് മാറ്റിയപ്പോഴാണ് സംഭവം.

ജനുവരി അവസാനവാരമുണ്ടായ വീഴ്ച രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. എന്നാൽ ഡാറ്റാ എൻട്രിയിൽ ജീവനക്കാരന് വന്ന പിശകാണെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് കടയ്ക്കാവൂർ ട്രഷറി അധികൃതരുടെ വിശദീകരണം. മരിച്ചയാളുടെ നോമിനിക്ക് പണം കൈമാറിയപ്പോഴാണ് തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ സോഫ്റ്റ് വെയർ വീഴ്ചയുണ്ടായത്. 148000 രൂപ കൈമാറേണ്ട സ്ഥാനത്ത് 152000 രൂപ കൈമാറി.

വഞ്ചിയൂരിൽ ട്രഷറി സോഫ്റ്റ്‌വെയർ പിഴവ് മറയാക്കിയുള്ള തട്ടിപ്പ് നടന്നതിന് ശേഷം ഇത് അഞ്ചാം തവണയാണ് സമാനമായ തട്ടിപ്പ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാൽ ട്രഷറി ഡയറക്ടറേറ്റിന്‍റെ മേൽനോട്ടത്തിലുള്ള സോഫ്റ്റ്‌വെയറിലെ പിഴവു പരിഹരിക്കാനോ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനോ ധനവകുപ്പ് ഇപ്പോഴും തയ്യാറായിട്ടില്ല.