സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി ഉന്നതര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ. ഗൂഢാലോചനക്ക് പിന്നില്‍ മന്ത്രി എ സി മൊയ്തീനും തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാണ്. ഇതിന്‍റെ ഭാഗമായാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അനില്‍ അക്കര ആരോപിച്ചു.
സ്വപ്നയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സ്വപ്നയെ പ്രവേശിപ്പിച്ചതിന് അടുത്ത ദിവസം മന്ത്രി എ സി മൊയ്തീന്‍ ആശുപത്രിയിലെത്തി. കോവിഡ് രോഗികള്‍ക്കായുള്ള ഒരു പദ്ധതിയുടെ ആലോചനക്കെന്ന് പറഞ്ഞാണ് മന്ത്രിയും കലക്ടറും മെഡിക്കല്‍ കോളജ് സൂപ്രണ്ടും യോഗം ചേര്‍ന്നത്. എംഎല്‍എയായ തന്നെ യോഗത്തിലേക്ക് വിളിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും അനില്‍ അക്കര ആരോപിക്കുന്നു.
സ്വപ്ന സുരേഷുമായി എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത ഉന്നതര്‍ ഫോണില്‍ സംസാരിച്ചെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയമുണ്ട്. വിയ്യൂര്‍ ജയിലില്‍ റിമാന്‍റിലുള്ള സ്വപ്നയേയും കെ ടി റമീസിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് ഉന്നതര്‍ സംസാരിച്ചതെന്നാണ് വിവരം. എന്‍ഐഎയും കസ്റ്റംസും അന്വേഷണം തുടങ്ങി.
സ്വപ്നയെയും കെ ടി റമീസിനെയും ആശുപത്രിയിലെത്തിച്ചതില്‍ ദുരൂഹതയുണ്ടന്നും കേന്ദ്ര ഏജൻസികൾ പറയുന്നു. ആറ് ദിവസം മുന്‍പാണ് സ്വപ്നയെ വിയ്യൂര്‍ ജയിലില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അതേസമയത്താണ് ഉന്നതരായ പലര്‍ക്കും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോണിൽ വിളിച്ച് ഉന്നതർ സംസാരിച്ചുവെന്നാണ് എന്‍ഐഎക്കും കസ്റ്റംസിനും ലഭിച്ച വിവരം.