കുര്‍ബാന ഏകീകരണം നടപ്പാക്കാനുള്ള മാര്‍പ്പാപ്പയുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന് അങ്കമാലി അതിരൂപത. കത്തിലൂടെയുള്ള ഉത്തരവില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷമം മാര്‍പ്പാപ്പയെ അറിയിക്കുമെന്ന് വൈദികര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പ്പാപ്പയുടെ നിര്‍ദേശത്തില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നാണ് വൈദികര്‍ പറയുന്നത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനം. ജനാഭിമുഖ കുര്‍ബാനയ്ക്കായി വീണ്ടും മാര്‍പ്പാപ്പയെ സമീപിക്കുമെന്നും വൈദികര്‍ പറഞ്ഞു. അതേസമയം സിനഡ് തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വസികള്‍ നടത്തുന്ന സമരം നാല്‍പ്പത് ദിവസം പിന്നിട്ടു.
ജനാഭിമുഖ കുര്‍ബാനയ്ക്ക് പകരമായി ഏകീകൃത കുര്‍ബാന ഈസ്റ്ററിന് മുന്‍പായി നടപ്പാക്കണമെന്നായിരുന്നു കത്തിലൂടെ മാര്‍പ്പാപ്പ അറിയിച്ചിരുന്നത്. ഏകീകൃത കുര്‍ബാന നടപ്പാക്കാനുള്ള മാര്‍പ്പാപ്പയുടെ കത്ത് സ്വീകാര്യമല്ലെന്ന് അല്മായ മുന്നേറ്റവും ഇന്ന് വ്യക്തമാക്കിയിരുന്നു. കത്തിലുള്ളത് മാര്‍പ്പാപ്പയുടെ ഉത്തരവല്ല മറിച്ച് ഏകീകൃത കുര്‍ബാന നടപ്പിലാക്കാനുള്ള ചില നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് അല്മായ മുന്നേറ്റം വക്താവ് ഷൈജു ആന്റണി പറഞ്ഞു. മാര്‍പ്പാപ്പയുടെ കത്തിന്റെ വിശ്വാസ്യതയില്‍ത്തന്നെ സംശയമുണ്ടെന്നാണ് അല്മായ മുന്നേറ്റത്തിന്റെ പ്രസ്താവന. അങ്കമാലി അതിരൂപത സ്വതന്ത്ര സഭയായി പ്രഖ്യാപിക്കണമെന്നാണ് അല്മായ മുന്നേറ്റത്തിന്റെ ആവശ്യം.
സിനഡ് നിര്‍ദേശപ്രകാരമുള്ള കുര്‍ബാന ഈസ്റ്ററിന് മുമ്പ് നടപ്പാക്കണമെന്നാണ് മാര്‍പ്പാപ്പയുടെ ഇന്നലെ കത്തിലൂടെ അറിയിച്ചത്. സഭയുടെ ആരാധനാക്രമം നിശ്ചയിക്കാന്‍ പരമാധികാരം സിനഡിനായിരിക്കും. സിനഡിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്നും മാര്‍പ്പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയ്ക്കാണ് മാര്‍പ്പാപ്പ കത്ത് മുഖേന നിര്‍ദേശം നല്‍കിയത്.
മെത്രാപ്പൊലീത്തന്‍ വികാരി, വൈദികര്‍, വിശ്വാസികള്‍ എന്നിവരെ മാര്‍പ്പാപ്പ കത്തിലൂടെ അഭിസംബോധന ചെയ്തു. സിനഡ് തീരുമാനം നടപ്പാക്കാത്തത് വേദനാജനകമെന്നും മാര്‍പ്പാപ്പ കത്തില്‍ സൂചിപ്പിച്ചിരുന്നു.