ആനയിറങ്കൽ ഹൈഡൽ ടൂറിസം സെന്ററിൽ കാട്ടാനയിറങ്ങി. കുട്ട വഞ്ചിയും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. സോളാർ വേലിയുണ്ടായിരുന്നത് വിനോദ സഞ്ചാരികൾക്ക് തുണയായി .
ചക്കക്കൊമ്പൻ എന്ന് അറിയപ്പെടുന്ന ആനയാണ് ഇന്ന് രാവിലെ ടൂറിസം സെന്ററിൽ എത്തിയത്. ഡാം നീന്തി കടന്ന് എത്തിയ ആനയെ വാച്ചർമാർ പ്ലാന്റേഷനിലേയ്ക്ക് തുരത്തിയോടിച്ചു.
ഇന്നലെ രാവിലെ മൂന്നാര്‍ ആനയിറങ്കലിന് സമീപത്ത് ബൈക്ക് യാത്രികന്‍ കാട്ടാനയുടെ മുന്നില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മൂന്നാര്‍ ഭാഗത്തു നിന്നും പൂപ്പാറയിലേക്ക് എത്തിയതായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാര്‍. ആനയിറങ്കല്‍ ഡാമിന് സമീപത്തുവച്ചാണ് ഇവര്‍ ആനയുടെ മുന്നിലകപ്പെട്ടത്. ദേശീയപാതയില്‍ വളവു തിരിഞ്ഞ് വരുമ്പോഴാണ് കാട്ടാനയെ മുന്നില്‍ കണ്ടത്. പെട്ടെന്നുള്ള അമ്പരപ്പില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ബൈക്കിലുണ്ടായിരുന്ന ഇരുവരും റോഡിലേക്ക് വീണു. ഇതുകണ്ട ആന ഇവര്‍ക്കരികിലേക്കെത്തി. റോഡിന്റെ മറുവശത്തുണ്ടായിരുന്നവര്‍ ശബ്ദമുണ്ടാക്കിയതൊടെ, ആന റോഡിന്റെ വലതുവശം ചേര്‍ന്ന് നടന്നുപോയി. റോഡില്‍ വീണ ബൈക്ക് യാത്രക്കാര്‍ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു.