Kerala

‘കട തുറന്നാലും വാങ്ങാന്‍ ആളുവേണ്ടേ?’; വ്യാപാരി വ്യവസായ ഏകോപന സമിതി സമരവിരോധികളെന്ന് സിഐടിയു

പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. ഡയസ്‌നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത് മുന്‍പും പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനാണ് ഈ പണിമുടക്ക്. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത എല്ലാ ജീവനക്കാരും ഇന്നും പണിമുടക്കില്‍ പങ്കെടുക്കുമെന്നും ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി.

കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തിനെതിരെയും സിഐടിയു വിമര്‍ശനം ഉന്നയിച്ചു. വ്യാപാരവ്യവസായി ഏകോപന സമിതി സമരവിരോധികളാണെന്ന് ആനത്തലവട്ടം ആനന്ദന്‍ ആഞ്ഞടിച്ചു. കടകള്‍ തുറന്നുവച്ചാലും സാധനങ്ങള്‍ വാങ്ങാന്‍ ആള് വേണ്ടെയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിരുന്നു. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ഇന്ന് ജോലിക്ക് പോകുമ്പോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതോടെ ഇന്ന് ജോലിക്ക് ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. അടിയന്തര സാഹചര്യത്തില്‍ ഒഴികെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവധി അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ജോലിക്ക് ഹാജരാകുന്നതിന് ജീവനക്കാര്‍ക്ക് മതിയായ യാത്രാ സൗകര്യം കെഎസ്ആര്‍ടിസിയും ജില്ലാ കളക്ടര്‍മാരും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.