Kerala

പി.സി.ജോര്‍ജിന് നിര്‍ണായകം, വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചിയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുള്ളത്. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാരിന്റെ നടപടിയെന്നും ജാമ്യം വേണമെന്നുമാണ് പി.സി.ജോര്‍ജിന്റെ ആവശ്യം. കേസില്‍ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന ജോര്‍ജിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.

അതേസമയം, മത വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തര്‍ക്ക ഹര്‍ജിയും ഇന്നലെ സമര്‍പ്പിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് കേസെന്നും പി.സി.ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ വെള്ളിയാഴ്ച പരിഗണിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് കേസെന്നും ജാമ്യം ലഭിച്ച ശേഷം ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തില്‍ ഒരു പ്രസ്താവനകളും നടത്തിയിട്ടില്ലെന്നും പി.സി.ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു.

പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് പിസിയുടെ നിലപാട്. ഈ കാര്യം പ്രോസിക്യൂഷന്‍ തെറ്റായി ചിത്രീകരിക്കുകയാണെന്നാണ് പി.സി.ജോര്‍ജിന്റെ വാദം. കേസ് ബലപെടുത്തുവാന്‍ വേണ്ടി പൊലീസ് നടത്തുന്ന പരാക്രമങ്ങളുടെ ഭാഗമാണ് എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറെന്നും പി.സി.ജോര്‍ജ് ആരോപിക്കുന്നു. ഏപ്രില്‍ 29ന് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി.സി.ജോര്‍ജിന്റെ പ്രസംഗമാണ് കേസിനസ്പദമായ സംഭവം.