Kerala

മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുന്നത് നാളെ അന്വേഷണം തന്നിലേക്കും വരുമെന്ന ഭയം കൊണ്ട് -രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുന്നത് നാളെ അന്വേഷണം തന്നിലേക്കും തന്‍റെ ഓഫീസിലേക്കും വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടാതിരിക്കുന്നത് നാളെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിനും രാജി വെക്കേണ്ടി വരുമോ എന്ന ഭയത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു.

അതീവ ഗൌരവ സ്വഭാവത്തിലുള്ള ഒരു ചോദ്യം ചെയ്യലാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്‍.ഐ.എ ഷെഡ്യൂള്‍ഡ് ക്രൈംസ് അന്വേഷിക്കുന്ന ഒരു ഏജന്‍സിയാണ്. രാജ്യദ്രോഹപരവും തീവ്രവാദപരവുമായ ബന്ധങ്ങള്‍ അന്വേഷിക്കുകയാണ് എന്‍.ഐ.എ പ്രധാനമായും ചെയ്തത്. ചോദ്യം ചെയ്യലിന് വിധേയമാകുന്നത് കുറ്റകരമല്ല എന്ന് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത് തീര്‍ത്തും അബദ്ധജനകമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കെ.ടി ജലീലിനെ പൂര്‍ണമായും സംരക്ഷിക്കുകയാണ്.

ഇന്നത്തെ ചോദ്യം ചെയ്യലിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. അഴിമതിയില്‍ മുങ്ങിത്താഴുന്ന ഈ സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല. മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുന്നത് നാളെ അന്വേഷണം തന്നിലേക്കും തന്‍റെ ഓഫീസിലേക്കും വരുമെന്ന ഭയം കൊണ്ടാണ്. നമ്മള്‍ ജനങ്ങളുടെ മുമ്പില്‍ സംശയങ്ങള്‍ക്ക് അതീതരായിരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.