Kerala

വിപണിയില്‍ കോടികളുടെ മൂല്യം, സംസ്ഥാനത്ത് 14 മാസത്തിനുള്ളില്‍ പിടികൂടിയത് 36 കിലോ തിമിംഗല വിസര്‍ജ്യം; കള്ളക്കടത്ത് കൂടുന്നതായി രേഖകള്‍

കോടികള്‍ മൂല്യമുള്ള തിമിംഗല വിസര്‍ജ്യത്തിന്റെ കള്ളക്കടത്ത് സംസ്ഥാനത്ത് ഏറുന്നതായി രേഖകള്‍. കഴിഞ്ഞ 14 മാസത്തിനുള്ളില്‍ 36 കിലോ തിമിംഗല വിസര്‍ജ്യമാണ് സംസ്ഥാനത്ത് പിടികൂടിയത്. അഞ്ച് കേസുകളിലായി എട്ട് പ്രതികളെയും അറസ്റ്റ് ചെയ്തിതിട്ടുണ്ട്. ദേശീയ തലത്തിലും തിമിംഗല വിസര്‍ജ്യ കടത്ത് കേസുകള്‍ കൂടുതല്‍ കേരളത്തിലാണ്. 

വിപണിയില്‍ കോടികള്‍ മൂല്യമുണ്ട് തിമിംഗലത്തിന്റെ വിസര്‍ജ്യമായ ആമ്പര്‍ഗ്രിസിന്. 2022 ജനുവരി മുതല്‍ 2023 മാര്‍ച്ച് വരെ കേരളത്തില്‍ കാസര്‍ഗോഡ് ഡിവിഷന്‍,കോഴിക്കോട് ഡിവിഷന്‍, വയനാട്ടിലെ ചെതലത്ത് റെയ്ഞ്ച് എന്നിവിടങ്ങളില്‍ നിന്നായി, കടത്താനും വില്‍പ്പന നടത്താനും ശ്രമിച്ച 36.03 കിലോഗ്രാം ആമ്പര്‍ഗ്രിസ് വനം വകുപ്പും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തിട്ടുണ്ട്. നോര്‍ത്ത് സര്‍ക്കിളില്‍ കാസര്‍ഗോഡ് ഡിവിഷന് കീഴില്‍ 10.3 കിലോ, കോഴിക്കോട് ഡിവിഷന് കീഴില്‍ 15. 718 കിലോ, ചെതലത്ത് റെയ്ഞ്ചിന് കീഴില്‍ 10.012 കിലോ എന്നിങ്ങനെയാണ് പിടികൂടിയ തിമിംഗല വിസര്‍ജ്യം. കോഴിക്കോട് ഡിവിഷനിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മൂന്ന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പിടികൂടിയ തിമിംഗല വിസര്‍ജ്യത്തിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. കോടതി ഉത്തരവിനനുസരിച്ചാണ് തുടര്‍ നടപടികള്‍ കൈക്കൊള്ളുക. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയില്‍ നിന്ന് ലഭിക്കുന്ന വിവര പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആമ്പര്‍ഗ്രിസ് കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കേരളത്തിലാണ്. ആന്ധ്രപ്രദേശ്, ഡല്‍ഹി, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഓരോ കേസുകളും, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഈരണ്ട് കേസുകളുമാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലഭിക്കാന്‍ ഏറെ പ്രയാസമുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. തിമിംഗലം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ജീവിയായതിനാല്‍ 1972 ലെ വന സംരക്ഷണ നിയമ പ്രകാരം തിമിംഗല വിസര്‍ജ്യത്തെ വന്യജീവിയുടെ ഭാഗമായാണ് കണക്കാക്കുന്നത്. അതിനാല്‍ ഇത് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 10,000 രൂപയില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.