ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ മരണത്തില്‍ എസ് പി ക്ക് റിപ്പോർട്ട് കൈമാറി ഡിവൈ എസ്പി. ഭർത്താവ്, മാതാപിതാക്കൾ,ആലുവ സി ഐ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടാണ് കൈമാറിയത്.
മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് ആലുവ റൂറൽ എസ് പി കെ. കാർത്തിക് അറിയിച്ചു. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം മാത്രം സിഐ ക്കെതിരെ നടപടിയെന്നും എസ് പി വ്യക്തമാക്കി. ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ സി എൽ സുധീർ ഇപ്പോഴും ആലുവ ഓഫിസറാണെന്നും എസ് പി കൂട്ടിച്ചേർത്തു.
ആലുവ സിഐ സി.എല്‍ സുധീറിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിരുന്നു . ഗാര്‍ഹിക പീഡന പരാതിയുമായി സമീപിച്ച യുവതിയെ സിഐ അപമാനിച്ചെന്നാണ് പരാതി. രാത്രി മുഴുവന്‍ സ്റ്റേഷനില്‍ ഇരിക്കേണ്ടിവന്നു. സിഐയുടേത് സ്ത്രീവിരുദ്ധ നിലപാടെന്നും പരാതിക്കാരി ആരോപിച്ചു. ‘എടീ’ എന്ന് വിളിച്ചാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രോശിച്ചു. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആലുവ സ്വദേശിനിയുടെ ആരോപണം.