India Kerala

ആലുവ സ്റ്റാന്‍ഡിനുള്ളില്‍ അപകടങ്ങള്‍ പതിവാകുന്നു; നിയന്ത്രണങ്ങള്‍ പാലിക്കാതെ സ്വകാര്യ ബസുകള്‍

ബസുകളുടെ അനധികൃത പ്രവേശനവും മത്സര ഓട്ടവും ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനെ കുരുതിക്കളമാക്കുന്നു. ആറു മാസത്തിനിടയില്‍ ബസ്റ്റാന്‍ഡിനുള്ളില്‍ മാത്രം പൊലിഞ്ഞത് മൂന്ന് ജീവനുകള്‍. എന്നാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികാരികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി.

ആലുവ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഇന്നലെ നടന്ന അപകടത്തില്‍ ചൂര്‍ണിക്കര സ്വദേശിനി തങ്കമണി കൊല്ലപ്പെട്ടതോടെയാണ് ബസ് സ്റ്റാന്‍ഡിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ വീണ്ടും ഉയരുന്നത്. അനധികൃത പ്രവേശന കവാടം പല തവണ അടച്ചിട്ടും സ്വകാര്യ ബസുകള്‍ ഇതേ മാര്‍ഗത്തിലൂടെ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതും അമിത വേഗതയില്‍ സഞ്ചരിക്കുന്നതുമാണ് അപകടങ്ങള്‍ക്കു പിന്നിലുള്ള കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പടെ നിരവധി സമരങ്ങള്‍ നടത്തുകയും മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്.

പൊലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഓഗസ്റ്റ് മാസം മുതല്‍ ഇന്നലെ വരെ നടന്ന അപകടങ്ങളില്‍ ആലുവ ബസ്റ്റാന്‍ഡിനുള്ളില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തിനിടയില്‍ നടന്ന പത്തോളം അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഓരോ അപകടങ്ങള്‍ക്കു ശേഷവും താല്‍കാലിക നടപടികള്‍ സ്വീകരിക്കുന്നതല്ലാതെ അധികാരികള്‍ മറ്റൊന്നും ചെയ്യുന്നില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഷയത്തില്‍ എത്രയും വേഗം പരിഹാരം കണാനായില്ലങ്കില്‍ ഇനിയും ‌എത്ര അപകടങ്ങള്‍ക്കു സാക്ഷിയാകേണ്ടി വരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.