ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറത്ത് ഒരുക്കങ്ങൾ പൂർത്തിയായി. പതിനായിരക്കണക്കിന് ഭക്തർ ബലിതർപ്പണത്തിനെത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. ബലിതർപ്പണത്തിനെത്തുന്ന ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്.
പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറം ഒരുങ്ങി കഴിഞ്ഞു. ഇന്ന് രാത്രി 12 മണി മുതൽ ചൊവ്വാഴ്ച്ച പകൽ 12 മണി വരെ വിശ്വാസികൾ ബലിതർപ്പണം നടത്തും. 178 ബലിത്തറകളാണ് ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ഭക്തർക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ശിവരാത്രിക്കുള്ള സഞ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി കൂടുതൽ പൊലീസിനെ ഇത്തവണ മണപ്പുറത്ത് വിന്യസിക്കും . ഭക്തരുടെ സൗകര്യാർഥം കെ.എസ്. ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട് . തൃശൂരിനും ആലുവക്കും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടാവും. കൊച്ചി മെട്രോയും കൂടുതൽ സർവീസുകൾ നടത്തും.