India Kerala

ആലുവ ഇടയാര്‍ സ്വര്‍ണകവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് പൊലീസ്

ആലുവ ഇടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന സ്വര്‍ണം കവര്‍ന്ന സംഭവത്തിന് പിന്നില്‍ വന്‍ ഗൂ‍ഢാലോചന നടന്നതായി പൊലീസ്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ പിടിയിലായി‍. സ്വര്‍ണവുമായി എത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കടക്കം ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

സ്വര്‍ണശുദ്ധീകരണശാലയിലെ മുന്‍ ഡ്രൈവര്‍ സതീഷ് കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. മൂന്നാറിലെ വനത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളടക്കം കണ്ടെത്തുകയും ചെയ്തു.

എന്നാല്‍, കവര്‍ച്ച ചെയ്ത 20 കിലോ സ്വര്‍ണം കണ്ടെടുക്കാനായിട്ടില്ല. ഇവരുടെ മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും കൂടുതല്‍ പേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. സ്വര്‍ണവുമായി എത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് കവര്‍ച്ചയുമായി ബന്ധമുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. മെയ് പത്തിന് രാവിലെയാണ് ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന ആറ് കോടിയോളം രൂപ മൂല്യമുള്ള 20 കിലോ സ്വര്‍ണം കൊള്ളയടിച്ചത്.