Kerala

മോഫിയയോട് മോശമായി പെരുമാറിയ സിഐ സുധീർ ഉത്ര കേസിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥൻ

ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീനോട് മോശമായി പെരുമാറിയ ആലുവ സിഐ സുധീർ മുൻപും വിവാദങ്ങളിൽ പെട്ടിട്ടുള്ള ഉദ്യോഗസ്ഥൻ. കേരളം ചർച്ച ചെയ്ത ഉത്ര കേസ് അടക്കം മുൻ രണ്ട് തവണ ജോലിയിൽ വീഴ്ച വരുത്തിയിട്ടുള്ള ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണവും വകുപ്പ് തല നടപടികളും ഉണ്ടായിട്ടുണ്ട്. (aluva sudheer mofiya uthra)

ഉത്ര കൊലക്കേസിൻ്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീർ. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഉത്ര കേസിൽ ഇയാളുടെ വീഴ്ചയെപ്പറ്റിയുള്ള ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂർത്തിയായത്. അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച് ഇതിനു മുൻപും സുധീർ വിവാദം ഉണ്ടാക്കിയിട്ടുണ്ട്. 2020 ജൂണിൽ നടന്ന ഈ സംഭവത്തിൽ അന്ന് അഞ്ചൽ സിഐ ആയിരുന്ന ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിരുന്നു. കൊല്ലം റൂറൽ എസ്പിയായിരുന്ന ഹരിശങ്കർ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇയാൾ ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്നുമായിരുന്നു ശുപാർശ.

അതേസമയം, മോഫിയ പർവീൻ്റെ മൃതദേഹം അല്പ സമയം മുൻപ് വസതിയിലെത്തിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷമാണ് അല്പസമയം മുൻപ് മൃതദേഹം വീട്ടിലെത്തിച്ചത്. അല്പ സമയത്തിനകം സംസ്കാരം നടക്കും. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടാണ് മോഫിയ ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പിൽ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഇത് പൊലീസിന് പ്രതിസന്ധി ആയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെയും മുഹ്സിൻ്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. ഇന്നലെ പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു.