Kerala

‘ആരുടേയും അടിമയല്ല, പരസ്യമായി അപമാനിക്കാൻ ആ‍‍ർക്കും അവകാശവുമില്ല’; സോഷ്യൽ മീഡിയയിൽ മുഖംമറച്ച് അൽഫോൺസ് പുത്രൻ

താൻ ആരുടേയും അടിമയല്ല എന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആ‍‍ർക്കും അവകാശം നൽകിയിട്ടില്ലെന്നും സംവിധായകൻ അൽഫോൺസ് പുത്രൻ. സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കുള്ള പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് അൽഫോൺസ് പുത്രൻ. പ്രൊഫൈൽ ചിത്രം മാറ്റിക്കൊണ്ട് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.(alphonse puthren against social media trolls changed dp)

‘താൻ ആരുടേയും അടിമയല്ല എന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആ‍‍ർക്കും അവകാശം നൽകിയിട്ടില്ല എന്നുമാണ് അൽഫോൺസ് കുറിപ്പിൽ പറയുന്നത്. ഇനിയും ഇത്തരം അധിക്ഷേപങ്ങളുണ്ടായാൽ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാകുമെന്നും സംവിധായകൻ പറയുന്നു’.

അൽഫോൺസ് പുത്രൻ- ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘നിങ്ങൾ എന്നെ ട്രോളുകയും എന്നെയും ഗോൾഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്… അത് നിങ്ങൾക്ക് ഇഷ്ടമായിരിക്കാം. എന്നാൽ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ ഞാൻ എന്റെ മുഖം കാണിക്കില്ല. ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആ‍‍ർക്കും അവകാശം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സിനിമകൾ കാണാം.എന്റെ പേജിൽ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്. ഇനി അങ്ങനെ ചെയ്താൽ, ഞാൻ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാകും. ഞാൻ പഴയതുപോലെയല്ല. ഞാൻ എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തുന്നയാളാണ്. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു’.