India Kerala

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പിന്തുണച്ച് അല്‍മായ സംഗമം

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പിന്തുണച്ച് കോട്ടയത്ത് അല്‍മായ സംഗമം. കാത്തലിക്ക് ഫോറവും ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സിലും ആചാര സംരക്ഷണ സമിതിയും ചേര്‍ന്നാണ് സംഗമം നടത്തിയത്. സംഗമത്തില്‍ ഫ്രാങ്കോ മുളക്കലിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. പരാതിക്കാരിയായ കന്യാസ്ത്രീയെ വീണ്ടും അധിക്ഷേപിച്ചായിരുന്നു സംഗമത്തില്‍ പങ്കെടുത്ത പി.സി ജോര്‍ജിന്റെ പ്രസംഗം.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിഷപ്പ് അനുകൂലികള്‍ കോട്ടയത്ത് അല്‍മായ സംഗമം സംഘടിപ്പിച്ചത്. മുളക്കല്‍ കുടുംബാംഗങ്ങളെയടക്കം പങ്കെടുപ്പിച്ച് നടത്തിയ സംഗമം കന്യാസ്ത്രീകളെ അധിക്ഷേപിക്കുന്നതിനുള്ള വേദി കൂടിയായി മാറി.


ബിഷപ്പ് ഫ്രാങ്കോക്ക് ഒപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ പരിപാടിയില്‍ മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശം ഉയര്‍ന്നു. ഫ്രാങ്കോ കേസ് കൂടാതെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയിലും വലിയ വിമര്‍ശമാണ് ഇവര്‍ ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.