തിരുവനന്തപുരം കോര്‍പറേഷനില്‍ 20ലധികം വാര്‍ഡുകളില്‍ യുഡിഎഫും ബിജെപിയും ധാരണയോടെ പ്രവര്‍ത്തിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രമന്ത്രി വി മുരളീധരന്റെ ഒത്താശയും ഇതിന് പിന്നിലുള്ളതായും മന്ത്രി ആരോപിച്ചു. തോല്‍വി മനസ്സിലാക്കിയാണ് കടകംപള്ളിയുടെ പ്രതികരണമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. കണ്ണൂരിലും മലപ്പുറത്തും സിപിഎം ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.
തീ പാറുന്ന പോരാട്ടം നടന്ന തിരുവനന്തപുരത്ത് എല്‍ഡിഎഫിനെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താനായി ബിജെപിയും യുഡിഎഫും ചേര്‍ന്ന് രഹസ്യ ധാരണ നടപ്പാക്കിയെന്നാണ് സിപിഎം ആരോപണം. പോളിങിന് ശേഷമുള്ള പ്രാഥമിക കണക്കുകള്‍ വിലയിരുത്തിയ ശേഷമാണ് നേതൃത്വം ബിജപി-കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച ആരോപണം ശക്തിപ്പെടുത്തിയത്. ഇതിനിടയിലും കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍.
കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ നേരിട്ട് രംഗത്ത് ഇറങ്ങിയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎം ആരോപണം തോല്‍വി മുന്നില്‍ കണ്ട് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. സിപിഎം മറ്റിടങ്ങളില്‍ ബിജെപിയുമായുണ്ടാക്കിയ ധാരണ മറച്ച് പിടിക്കാനാണ് കോണ്‍ഗ്രസിന് എതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രനും മറുപടിയുമായെത്തി. തിരുവനന്തപുരം കോർപറേഷനിലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴും പരസ്പരം മുന്നണികള്‍ തമ്മില്‍ സമാന ആരോപണം ഉന്നയിക്കാന്‍ ഇടയുണ്ട്.