Kerala

താത്ക്കാലിക നിയമനങ്ങള്‍ അനധികൃതമെന്ന് ആരോപണം; തൃശൂര്‍ കോര്‍പറേഷനിലും പ്രതിഷേധം

താത്ക്കാലിക നിയമനങ്ങളില്‍ തിരുവനന്തപുരം കോര്‍പറേഷന് പിന്നാലെ തൃശൂര്‍ കോര്‍പറേഷനിലും പ്രതിഷേധം. തൃശൂര്‍ കോര്‍പ്പറേഷനില്‍ 360 ഓളം താല്‍ക്കാലിക നിയമനങ്ങള്‍ അനധികൃതമെന്നാരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് പ്രതിഷേധിച്ചത്. മേയറുടെ ചേംബര്‍ ഉപരോധിച്ച കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയമനങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.

തൃശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തില്‍ മുതല്‍ മേയറുടെ ഓഫീസില്‍ വരെ അനധികൃത നിയമനം നടത്തിയെന്ന ആരോപണമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്നത്. താത്ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കുക, ഇതുവരെയുള്ള നിയമനങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയത്. ധര്‍ണ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു

ധര്‍ണയ്ക്ക് ശേഷം കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബര്‍ ഉപരോധിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിയമ പോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.