തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടിയത് സ്വകാര്യ കാന്റീനെ സഹായിക്കാനെന്ന് ആരോപണം. കോഫീ ഹൗസിലെ ജീവനക്കാരാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇന്നലെ എറണാകുളത്ത് നിന്നെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥര്‍ പരിശോധന നടത്തി ന്യൂനതകള്‍ പരിഹരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയതിന് പിന്നില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ ഇടപെടല്‍ ഉണ്ടെന്നും ജീവനക്കാര്‍ ആരോപിച്ചു.
കോഫീ ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ 2 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിട്ടുമുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
ഇന്ത്യന്‍ കോഫീ ഹൗസിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണറേയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയുമാണ് സ്ഥലം മാറ്റിയത്. പരാതിയിന്മേല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.