India Kerala

ഹൈഡല്‍ ടൂറിസം പദ്ധതികളില്‍ അഴിമതി; എം.എം മണിക്കെതിരെ കോണ്‍ഗ്രസ്

ഹൈഡല്‍ ടൂറിസം പദ്ധതികളുടെ മറവില്‍ മന്ത്രി എംഎം മണിയും ബന്ധുക്കളും കോടികളുട അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. മന്ത്രിയുടെ ബന്ധുക്കള്‍ക്കും കെ.എസ്.ഇ.ബിയിലെ മുന്‍ ഉദ്യോഗസ്ഥർക്കുമാണ് പദ്ധതികള്‍ കൊണ്ട് ലാഭമുണ്ടായതെന്നാണ് ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. അഴിമതി രേഖകളില്‍ വ്യക്തമാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

പൊന്‍മുടി, മാട്ടുപ്പെട്ടി, മൂന്നാർ, ആനയിറങ്കല്‍, കല്ലാർകുട്ടി, ചെങ്കുളം, ബാണാസുരാ സാഗർ എന്നിവിടങ്ങളിലെ ഹൈഡല് ടൂറിസം സെന്‍ററുകളുടെ നടത്തിപ്പിലും ടെന്‍ഡർ നടപടികളിലുമാണ് മന്ത്രി എം.എം മണിയും ബന്ധുക്കളും മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ബിനാമികളും വ്യാപക അഴിമതി നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പൊന്‍മുടിയില് എം.എം മണിയുടെ മരുമകന്‍റെ നിയന്ത്രണത്തിലുള്ള ബാങ്കിന് 21 ഏക്കർ റവന്യു ഭൂമി നല്‍കിയതിന് പുറമെ മറ്റ് ഹൈഡല് ടൂറിസം പദ്ധതികളിലും അഴിമതിയുണ്ടെന്നാണ് ആരോപണം. മൂന്നാർ ഹൈഡല് പാർക്കിനായി കരാർ ലഭിച്ചത് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി ശശി അധ്യക്ഷനായ ബാങ്കിനാണ്. ആനയിറങ്കലില് മള്‍ട്ടി ഡയമെന്‍ഷന്‍ തിയറ്റർ സ്ഥാപിക്കാന്‍ കരാർ നല്‍കിയത് സ്പർശം ചാരിറ്റബിള് ട്രസ്റ്റ് എന്ന കടലാസ് സംഘടനയ്ക്കാണ്. മാട്ടുപ്പെട്ടിയിലെ റോപ് വേ കരാർ ലഭിച്ച സൊസൈറ്റിയും, കല്ലാർകുട്ടിയിലെ പദ്ധതി നടത്തിപ്പിന് ടെന്‍ഡറിയില്‍ പങ്കെടുത്ത സൊസൈറ്റിക്കും ഓഫീസ് പോലും ഇല്ലാത്തവയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഹൈഡല്‍ ടൂറിസം ചെയർമാന്‍ എന്ന നിലയില് മന്ത്രി എം.എം മണി കുടുംബാംഗങ്ങള്‍ക്കും, മുന്‍ ഡയറക്ടർ കെ.ജെ ജോസ് ബിനാമികള്‍ക്കും പദ്ധതികള്‍ തീറെഴുതി നല്‍കിയതായാണ് കോണ്‍ഗ്രസ് ആരോപണം. വിവരാവകാശ രേഖയുടെ പരിധിയില്‍ ഹൈഡല്‍ടൂറിസം പദ്ധതികളെ കൊണ്ടുവരാത്തത് അഴിമതിക്ക് കളമൊരുക്കാനാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.