ഇരട്ടക്കൊല നടത്തിയ ശേഷം പ്രതികള്‍ പത്തനംതിട്ടയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു, അടൂര്‍ പ്രകാശിന്‍റെ തട്ടകത്തിലേക്ക് പ്രതികള്‍ പോയതില്‍ ദുരൂഹതയുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം
വെഞ്ഞാറമൂട് ഫൈസല്‍ വധശ്രമക്കേസ് മുതലുള്ള അടൂര്‍ പ്രകാശ് എം.പിയുടെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഇരട്ടക്കൊല നടത്തിയ ശേഷം പ്രതികള്‍ പത്തനംതിട്ടയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. അടൂര്‍ പ്രകാശിന്‍റെ തട്ടകത്തിലേക്ക് പ്രതികള്‍ പോയതില്‍ ദുരൂഹതയുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ആരോപിച്ചു. ഇക്കഴിഞ്ഞ 31 നാണ് തിരുവന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചത്.
കേസില്‍ ഇതിനോടകം ഒരു സ്ത്രീ അടക്കം ഒമ്പത് പേര്‍ പിടിയിലായി. ഇതിൽ ഗൂഢാലോചനയിലും പ്രതികളെ സഹായിക്കുകയും ചെയ്ത ഷജിത്ത്, അജിത്ത്, നജീബ്, സതി മോന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച പ്രീജ എന്ന സ്ത്രീയും കസ്റ്റഡിയിലുണ്ട്.
കൃത്യത്തിൽ പങ്കുള്ള ഐ.എൻ.ടി.യു.സി നേതാവ് ഉണ്ണിയും പിടിയിലായിട്ടുണ്ട്. ഒന്നാം പ്രതി സജീവ് അടക്കമുള്ള പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. നിലവിൽ അജിത്ത്, ഷജിത്ത്, സതിമോൻ, നജീബ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രധാന പ്രതികളായ അൻസാറും ഉണ്ണിയും ഒളിവിലെന്നാണ് സൂചന.
മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെത്തിയ കേസിലെ ഒന്നാം പ്രതിയാണ് സജീവ്. സജീവിനെയും മൂന്നാം പ്രതി സനലിനെയും രഹസ്യ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് വെഞ്ഞാറമൂട് സ്റ്റേഷനിൽ എത്തിച്ചത്. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് വ്യക്തമാക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. പാർലമെന്‍റ് തെരഞ്ഞെടുപ്പാണ് സംഘർഷങ്ങളുടെ തുടക്കം.
കൊട്ടിക്കലാശത്തിനിടെ പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് വച്ച് സംഘർഷമുണ്ടായി. ഇവിടെ തുടങ്ങിയ വൈരാഗ്യം തുടർ ആക്രമണങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ടുപോയി.