മരട് ഫ്ലാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. ഫ്ലാറ്റ് ഒഴിപ്പിക്കുന്ന നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നതിനിടിയില്‍ സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനം നിര്‍ണ്ണായകമാണ്.
മരട് നഗരസഭ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രിം കോടതിയുടെ അന്ത്യശാസനം നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കെയാണ് ഇന്ന് സര്‍വ്വകക്ഷിയോഗം നടക്കുന്നത്. വൈകിട്ട് യോഗം നടക്കുമ്പോഴും പരിഹാരമാര്‍ഗം എന്ത് എന്നത് സംബന്ധിച്ച അവ്യക്തതകള്‍ തുടരുകയാണ്. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രിം കോടതിയെ ബോധ്യപ്പെടുത്തുക, ഫ്ലാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, പൊളിച്ചേ തീരൂ എങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്.നിയമത്തില്‍ പിഴവുകളുണ്ടെങ്കില്‍ പരിഹാരമാര്‍ഗം കണ്ടെത്തുമെന്ന് സി.പി.എം സംസ്ഥാന. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു. ഒഴിഞ്ഞു പോകുമ്പോള്‍ ഒറ്റയ്ക്കാവില്ലെന്ന് കോടിയേരി പറയുക വഴി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന സൂചനയാണ് നല്‍കുന്നത്.
ഫ്ലാറ്റ് പൊളിക്കണമെന്ന നിലപാടില്‍ സുപ്രിം കോടതി ഉറച്ച് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോടതിയെ ചൊടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം. മാത്രമല്ല സുപ്രിം കോടതിയില്‍ നിന്ന് കഴിഞ്ഞ കുറേ നാളുകളായി എതിര്‍ പരാമര്‍ശങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ തുടര്‍ തീരുമാനങ്ങള്‍ സര്‍വ്വകക്ഷിയോഗത്തിന്റെ അഭിപ്രായത്തിന് വിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമപരമായി സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ അറിയിച്ച പശ്ചാത്തലത്തില്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന എതെങ്കിലും തീരുമാനം സര്‍വ്വകക്ഷി യോഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.