Kerala

ഉമ്മന്‍ചാണ്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച തീരുമാനം സ്വാഗതം ചെയ്യുന്നു; സഹോദരന്‍ അലക്‌സ് ചാണ്ടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സഹോദരന്‍ അലക്‌സ് ചാണ്ടി. താന്‍ ഉന്നയിച്ച ആവശ്യം അംഗീകരിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അലക്‌സ് ചാണ്ടി പറഞ്ഞു.

ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയെ ബംഗളുരുവിലേക്ക് കൊണ്ടുപോയേക്കുമെന്നാണ് നിലവിലെ വിവരം. ഉമ്മന്‍ചാണ്ടിയ്ക്ക് കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്നതുള്‍പ്പെടെ സഹോദരന്‍ അലക്‌സ് ചാണ്ടി മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിക്ക് പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടാകുന്നത്.

ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കായി കോണ്‍ഗ്രസ് നേതൃത്വം എയര്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ബംഗളുരുവിലെ എച്ച്സിജി കാന്‍സര്‍ കെയര്‍ സെന്ററിലേക്ക് എയര്‍ ആംബുലന്സിലാകും കൊണ്ടുപോകുക. പനിയും ശ്വാസതടസവും കുറഞ്ഞെങ്കിലും ന്യുമോണിയ ബാധ തുടരുന്നതാണ് പ്രതിസന്ധി.

ആരോഗ്യസ്ഥിതി കൂടി പരിശോധിച്ചാകും ബംഗളുരുവിലേക്ക് മാറ്റുന്നതില്‍ അന്തിമതീരുമാനമെടുക്കുക. നിലവില്‍ നെയ്യാറ്റിന്‍കര നിംസില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിക്ക് കര്‍ശന സന്ദര്‍ശക വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.