India Kerala

നിപ; 898 ആദിവാസി കുടുംബങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

നിപ മുന്‍കരുതലിന്റെ ഭാഗമായി 898 ആദിവാസി കുടുംബങ്ങള്‍ക്ക് വനസംരക്ഷണ സമിതി മുഖേന ജാഗ്രതാ നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തുകയാണ്. നിപ ബാധിച്ച വിദ്യാര്‍ഥി ഇടുക്കിയില്‍ താമസിച്ചിരുന്ന വീടിന്റെ പരിസരത്തും കേന്ദ്ര സംഘം ഉറവിട പരിശോധന നടത്തി.

നിപ ബാധയെ തുടര്‍ന്ന് കടുത്ത ജാഗ്രതാ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് സംസ്ഥാനത്തുടനീളം നല്‍കിയിട്ടുള്ളത്. രോഗം പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് 898 ആദിവാസി കുടുംബങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രിയിലെ 30 ഡോക്ടര്‍മാര്‍ക്കും 250 പാരാ മെഡിക്കല്‍ സ്റ്റാഫിനും 10 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുമാണ് പരിശീലനം നല്‍കിയത്. എറണാകുളം ജില്ലയില്‍ രോഗലക്ഷണം പ്രകടമാകുന്നവരെ ഐസലേഷന്‍ വാര്‍ഡിലേക്ക് കൊണ്ടുവരുന്നതിനായി നാല് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

സ്വകാര്യമേഖലയില്‍ 190 ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കി. .ബയോമെഡിക്കല്‍ അവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി. ആവശ്യമുണ്ടാകുന്ന പക്ഷം കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. പഞ്ചായത്ത് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ ബ്ലോക്ക് ഓഫീസുകളും കേന്ദ്രീകരിച്ച് ജനപ്രതിനധികളുടെയും ഉദ്യാഗസ്ഥരുടെയും സാമൂഹ്യക്ഷേമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. നിലവില്‍ യോഗങ്ങള്‍ നടത്തുന്നതിനോ പൊതു, സ്വകാര്യ ചടങ്ങുകള്‍ നടത്തുന്നതിനോ, യാത്രചെയ്യുന്നതിനൊ ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.