Kerala

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138 അടിയായി; പെരിയാറിൽ അതീവ ജാഗ്രത

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി ഉയർന്നു. പത്ത് സ്പില്‍ വേ ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് ഉയരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. 10 ഷട്ടറുകളും തുറന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. (alert in mullaperiyar water level in dam)

ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി അധിക ജലം പെരിയാറിലേക്ക് ഒഴുക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് വീണ്ടും ഉയരും. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതും ആശങ്കയാണ്.

ആലുവ, പെരിയാർ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്. പെരിയാർ തീരത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ വാണിങ്ങ് ലെവലിലും താഴെയാണ് പെരിയാറിൽ ജലനിരപ്പ്. ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട് പരിധിയിലേക്ക് ജലനിരപ്പ് ഉയരുകയാണ്.

അതേസമയം ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നിലവിൽ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്.

പറമ്പിക്കുളത്ത് നിന്നും തുണക്കടവിൽ നിന്നും 8500 ക്യുസെക്സ് വെള്ളം മാത്രമാണ് ഇപ്പോൾ പെരിങ്ങൽക്കുത്തിൽ എത്തുന്നത്. അതേസമയം ചാലക്കുടിക്ക് താഴെയുള്ള അഞ്ച് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് തിരിച്ചുവരാൻ രണ്ടു ദിവസമെടുക്കും. ചാലക്കുടിയിൽ മാത്രം 40 ക്യാമ്പുകളിലായി 1071 പേരാണ് ഉള്ളത്.