Kerala

മദ്യം ഓണ്‍ലൈന്‍: ആപ്പിന് ഗുഗിളിന്‍റെ അനുമതി ഇന്ന് ലഭിച്ചേക്കും

50 ലക്ഷം പേര്‍ വരെ ഉപയോഗിച്ചാലും ഹാങ് ആകാത്ത തരത്തിലുള്ള ആപ്പാണ് തയ്യാറാക്കുന്നത്.

മദ്യം ഓണ്‍ലൈന്‍ ആയി നല്‍കാനുള്ള ആപ്പിന് ഗുഗിളിന്‍റെ അനുമതി ഇന്ന് ലഭിച്ചേക്കും. 50 ലക്ഷം പേര്‍ വരെ ഉപയോഗിച്ചാലും ഹാങ് ആകാത്ത തരത്തിലുള്ള ആപ്പാണ് തയ്യാറാക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. മദ്യം ഓണ്‍ലൈന്‍ ആയി നല്‍കുന്നത് വഴി സര്‍ക്കാരിന് റവന്യൂനഷ്ടം ഉണ്ടാകില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു.

വെര്‍ച്യല്‍ ക്യൂ വഴി മദ്യം നല്‍കാനുള്ള ആപ്പ് തയ്യാറായതോടെ പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടുത്താന്‍ ഗൂഗിളിന്‍റെ അനുമതി തേടിയിരിക്കുകയാണ് സര്‍ക്കാര്‍. സാധാരണ ഗതിയില്‍ ഒരു ദിവസത്തിനുള്ളില്‍ ഗൂഗിളിന്‍റെ അനുമതി ലഭിക്കേണ്ടതാണ്. ഇന്നലെ അപേക്ഷ നല്‍കിയത് കൊണ്ട് ഇന്ന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. എറണാകുളത്തെ സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്.

അനുമതി ലഭിക്കുന്നതിന് പിന്നാലെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഒരു ദിവസം 7 ലക്ഷത്തോളം പേരാണ് മദ്യശാലകളില്‍ എത്തി മദ്യം വാങ്ങുന്നത്. 50 ലക്ഷത്തോളം പേര്‍ ഉപയോഗിച്ചാലും പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ബിവറേജിന്‍റേയും കണ്‍സ്യൂമര്‍ ഫെഡിന്‍റേയും 301 ഔട്ട് ലെറ്റുകള്‍ക്ക് പുറമെ ബാറുകളുടെ കൌണ്ടര്‍ വഴിയും മദ്യം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

അതേസമയം ബാറുകൾ വഴി പാഴ്‌സലായി മദ്യം നൽകുന്നതിലൂടെ സർക്കാരിന് റവന്യു നഷ്ടം ഉണ്ടാവുമെന്ന ആരോപണം ശരിയല്ലെന്ന് ബിവറേജസ് കോർപറേഷൻ അറിയിച്ചു. കോർപറേഷന്‍റെ വെയർഹൗസിൽ നിന്ന് കൺസ്യൂമർഫെഡ്, ബാർ, ബിയർ/ വൈൻ പാർലർ കൂടാതെ മറ്റു ലൈസൻസികൾക്കും മദ്യം നൽകുന്നത് കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള ഹോൾസെയിൽ വിലയ്ക്കാണ്. അതേ രീതിയിൽ തന്നെയായിരിക്കും ബാറുകൾക്കും മദ്യം നൽകുക. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഉയർന്ന വിൽപ്പനനികുതി നിരക്കും ഉൾപ്പെടുത്തി ആയിരിക്കും വില ഈടാക്കുക.അതിനാൽ കോർപ്പറേഷനോ സർക്കാരിനോ റവന്യു നഷ്ടം ഉണ്ടാവില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ മദ്യശാലകളിൽ തിരക്ക് ഒഴിവാക്കാനാണ് ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കുന്നത്. ആപ്ലിക്കേഷൻ വഴി മദ്യം ബുക്ക് ചെയ്ത് കൗണ്ടറിൽ നിന്ന് വാങ്ങേണ്ടി വരും. ഓരോരുത്തർക്കായി അനുവദിച്ച സമയത്ത് മാത്രം കൗണ്ടറിൽ എത്തിച്ചേർന്നാൽ മതിയാകും. തിരക്ക് നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ അധികൃതർ ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. കൗണ്ടറിനുള്ളിൽ ഒരു സമയം അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളു. ഒരാൾക്ക് പരമാവധി മൂന്നു ലിറ്റർ മാത്രമേ നൽകുകയുള്ളു. ഒരു തവണ മദ്യം വാങ്ങിയാൽ അടുത്ത അവസരം 5 ദിവസത്തിന് ശേഷം മാത്രമായിരിക്കും.