ആലപ്പുഴ ഇരട്ട കൊലപാതകങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. സംശയമുള്ള കേന്ദ്രങ്ങളില്‍ അര്‍ധരാത്രിയിലും പൊലീസ് പരിശോധന നടത്തി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. അതേസമയം ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ഷാന്‍ വധക്കേസില്‍ മുഖ്യപ്രതികളുടെ അറസ്റ്റ് ഇതുവരെയും നടന്നിട്ടില്ല. ഇന്നലെ അര്‍ധരാത്രി വൈകിയും പൊലീസ് ജില്ലയിലുടനീളം വ്യാപകമായ പരിശോധന നടത്തിയിരുന്നു. എസ്ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനും സ്വാധീനമുള്ള വിവിധ കേന്ദ്രങ്ങളിളാണ് വ്യാപക തെരച്ചില്‍ നടത്തുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
രണ്‍ജീത് വധക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെയും ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്ന് ഹാജരാക്കുക. സ്‌കൂട്ടറില്‍ പോകുന്നതിനിടെ കാറിടിച്ച് വീഴ്ത്തിയ ശേഷമാണ് ഷാനെ കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ ഞായറാഴ്ച പുലര്‍ച്ചെയാണ് രണ്‍ജീത് ശ്രീനിവാസനെ ആറ് ബൈക്കുകളിലായി എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത് .
രണ്‍ജിത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ അഞ്ച് എസ് ഡി പി ഐ പ്രവര്‍ത്തകരെ ഇന്നലെ രാത്രിയോടെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ആസിഫ്, സുധിര്‍, അര്‍ഷാദ്, അലി, നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരും മണ്ണഞ്ചേരി സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെ രാവിലെ 6 മണി വരെ നീട്ടാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.