ആലപ്പുഴ നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായതോടെ വിഷയത്തിൽ കെ പി സിസി നേതൃത്വത്തിന്റെ ഇടപ്പെടൽ. പാർട്ടി തീരുമാനത്തിനെതിരായി രാജി ഭീഷണി മുഴക്കിയ കൗൺസിലർമാരെ കെ സി വേണുഗോപാലടക്കമുള്ള നേതാക്കൾ ശാസിച്ചതായാണ് സൂചന. തോമസ് ജോസഫിനെ രാജിവെപ്പിച്ച പാർട്ടി തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് പത്ത് കൗൺസിലർമാർ കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം രാജിവെച്ചിരുന്നു.
പാർട്ടി തീരുമാനത്തിന് വിരുദ്ധമായി നീങ്ങിയ കൗൺസിലർമാരോട് കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടതില്ല എന്ന് തന്നെയാണ് കെ പി സിസി നേതൃത്വത്തിന്റെ തീരുമാനം, കെസി വേണുഗോപാലിന് പുറമെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡി സി സി പ്രസിഡന്റ് എം ലിജുവുമായി വിഷയത്തിൽ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വൈസ് ചെയർപേഴ്സണായിരുന്ന ജ്യോതിമോളെ ആക്ടിംഗ് ചെയർമാൻ സ്ഥാനത്ത് കൊണ്ടു വരികയും 15 ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിച്ച് പുതിയ ചെയർമാനെ നിയോഗിക്കുകയും ചെയ്യാനാണ് നേതൃത്വത്തിന്റെ തീരുമാനം.
എന്നാൽ മുൻ ചെയർമാൻ തോമസ് ജോസഫിനെ അനുകൂലിക്കുന്നവർ കൗൺസിലർ സ്ഥാനം രാജിവെയ്ക്കുമെന്ന സമ്മർദ്ദം തുടരുകയാണ്. അതിനിടെ തോമസ് ജോസഫ് നൽകിയ രാജി നഗരസഭാ സെക്രട്ടറി അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി കിട്ടിയാൽ രണ്ടാഴ്ച്ചയ്ക്ക് ശേഷം ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. 52 അംഗ ഭരണസമിതിയിൽ യു ഡി എഫിന് 25 ഉും എൽ ഡി എഫിന് പി ഡി പി പിന്തുണയോടെ 21 പേരുമാണ് ഉള്ളത്. നാല് പേർ ബിജെപിയും രണ്ടു പേർ സ്വതന്ത്രൻമാരുമാണ്.