ആലപ്പുഴ പട്ടണക്കാട്ട് പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മയെ ഇന്ന് വീട്ടിൽ എത്തിച്ചു തെളിവെടുക്കും. അതിരയുടെ അറസ്റ്റു ഇന്നലെ രാത്രി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന വീട്ടിലും പരിസരത്തും ഇന്ന് ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തും.
കൊല്ലംവെള്ളി കോളനിയിലെ വീട്ടിലും പരിസര പ്രദേശങ്ങളിലും ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തും. കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സമയത്ത് ഭർതൃപിതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുളളു എന്നാണ് പ്രാഥമിക വിവരം. കുഞ്ഞിന്റെ കരച്ചിൽ ഒരു തവണ കേട്ടു എന്നാണ് ഇയാളുടെ മൊഴി. ബാഹ്യമായ മറ്റിടപെടൽ കൊലയ്ക്ക് പിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും കുട്ടിയുടെ അച്ഛനും മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവരെ ഇന്നലെ രാത്രി തന്നെ വിട്ടയച്ചിരുന്നു .രണ്ടുമാസം പ്രായമുള്ളപ്പോൾ മുതൽ അമ്മ കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നുവെന്ന് ഭർതൃ മാതാവിന്റെ മൊഴിയുണ്ടെങ്കിലും കുഞ്ഞിന്റെ ശരീരത്തിൽ അത്തരത്തിലുളള പാടുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്തിനാണ് അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നതിന്റെ കൃത്യമായ ഉത്തരം അന്വേഷണ സംഘത്തിനും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് പോലിസ് നീക്കം.
അറസ്റ്റിലായ കുട്ടിയുടെ അമ്മയെ ഇന്ന് ഉച്ചയോടെ ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ചേർത്തല എ.എസ്.പിയുടെ മേൽനോട്ടത്തിൽ പട്ടണക്കാട് SI ക്കാണ് അന്വേഷണത്തിന്റെ ചുമതല.