ആലപ്പാട് കരിമണല്‍ ഖനനത്തെ കുറിച്ചുള്ള ആശങ്കള്‍ അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വസ്തുതകള്‍ മറ്റൊന്ന്. കിലോമീറ്ററുകളോളം കടല്‍ കയറിയ നിലയിലാണ് ആലപ്പാട് ഇന്നുള്ളത്. സമരക്കാരുടെ വാദങ്ങളെ ശരിവെയ്ക്കുന്നതാണ് ഉപഗ്രഹചിത്രങ്ങളും.
ആലപ്പാട് സമരത്തിനെ സര്‍ക്കാര്‍ തള്ളിക്കളയുകയാണ്. കര കടലെടുക്കുന്നുവെന്ന ആലപ്പാട്ടുകാരുടെ ആശങ്ക ഒരു തരത്തിലും സര്‍ക്കാര്‍ അംഗീകരിക്കുന്നുമില്ല. ആലപ്പാടിന്റെ കാര്യത്തില്‍ ശരി സര്‍ക്കാരോ സമരക്കാരോ എന്ന് പരിശോധിക്കാനാണ് മീഡിയ വണ്‍ കൊല്ലം ജില്ലയിലെ ആ തീരദേശ ഗ്രാമത്തിലെത്തിയത്.
ഒരു രണ്ടു മിനിട്ടില്‍ നടന്നാല്‍ തീരുന്ന വീതിയിലേക്ക് മെലിഞ്ഞു പോയ ഈ കര പണ്ട് എട്ടു കിലോമീറ്ററില്‍ ഏറെ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ഓര്‍ത്തെടുക്കുന്നു. ഇനി നാട്ടുകാര്‍ പറയുന്നത് വ്യവസായമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും വിശ്വാസമാകുന്നില്ലെങ്കില്‍ ഇതുകൂടി കാണുക. 2003 മുതലുള്ള ആലപ്പാടിന്റെ ഉപഗ്രഹ ചിത്രങ്ങള്‍.
ഇങ്ങനെയാണ് ഒരു നാട് കടലെടുത്തു പോയത്. ഖനനമല്ല കാരണമെന്ന് എത്ര വാദിച്ചാലും അംഗീകരിക്കാനാകാത്ത വിധം വ്യക്തമാണ് ഇന്നീ നാടിന്റെ ഭൂപ്രകൃതി.
ഖനനമേഖലയിൽ കായലും കടലും തമ്മിലുള്ള ദൂരം 30 മീറ്ററാണ്. ആലപ്പാട് പലയിടത്തും കടൽതീരത്തുനിന്നും കായലിലേക്ക് നടന്നെത്താൻ 2 മിനിറ്റിൽ താഴെ മാത്രം സമയം മതി. കായലിനും കടലിനും ഇടയിൽ ഒരു നേർത്ത വര പോലെ ആലപ്പാട് അവശേഷിക്കുന്നു. ഒരു കടലാക്രമണം പോലും നേരിടാനുള്ള ശേഷി ഇന്ന് ആലപ്പാടിനില്ല.