India Kerala

ആലപ്പാട് ഖനനം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരം ശക്തമായിരിക്കെ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വ്യവസായ മന്ത്രി ഇ.പി ജയരാജനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ഖനനം നിര്‍ത്തേണ്ട സാഹചര്യമില്ലെന്ന നിലപാടായിരിക്കും വ്യവസായ മന്ത്രി സ്വീകരിക്കുക.

ഖനനം നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യം തള്ളിക്കളഞ്ഞ സര്‍ക്കാര്‍ പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. ഇന്നു വൈകിട്ട് മൂന്നിന് ഉന്നത ഉദ്യോഗസ്ഥരുടെയും നാലിന് ജനപ്രതിനിധികളുടെയും യോഗം ചേരും. മുഖ്യമന്ത്രിക്കു പുറമേ വ്യവസായ മന്ത്രി ഇ.പി ജയരാജനും മന്ത്രി മെഴ്‌സിക്കുട്ടി അമ്മയും യോഗത്തില്‍ പങ്കെടുക്കും. കൊല്ലത്തു നിന്നുള്ള എം.എല്‍.എമാര്‍, എം.പിമാര്‍, ജില്ലാ കളക്ടര്‍, പഞ്ചായത്ത്, ബ്ലോക്ക് അംഗങ്ങള്‍ എന്നിവരെയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.

പൊതുമേഖലയെ തകര്‍ക്കാനുള്ള നീക്കമാണ് സമരമെന്ന നിലപാടിലായിരുന്നു ആദ്യം സര്‍ക്കാര്‍. സമരത്തിനു പിന്നില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണെന്നും ബാഹ്യ ഇടപെടലില്‍ അന്വേഷണമുണ്ടാകുമെന്നുമുള്ള വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ പരാമര്‍ശവും വിവാദമായിരുന്നു. ജനങ്ങളെ മറന്നു പൊതുമേഖലയെ സംരക്ഷിക്കാനാകുമോയെന്നു ചോദിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സര്‍ക്കാര്‍ നിലപാടിലെ അതൃപ്തി പരസ്യമാക്കി. ഇതുകൂടി കണക്കിലെടുത്താണ് വിഷയത്തിലെ മുഖ്യമന്ത്രിയുടെ ഇടപെടല്‍.

ഖനനം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകില്ലെങ്കിലും തുടര്‍ ചര്‍ച്ചയ്ക്കുള്ള വഴി തുറന്നിടാനാണ് സാധ്യത. ആലപ്പാട്ടെ ഖനനം സംബന്ധിച്ച നിയമസഭാ പരിസ്ഥിതി സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കും.