കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതികളായ അലൻ ശുഹൈബിനെയും താഹ ഫസലിനെയും മൂന്ന് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവെടുപ്പിനായി ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തതായി അറിയിച്ചിട്ടുണ്ടെന്ന് താഹാ പറഞ്ഞു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ അലനെയും താഹയെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേക്കാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പ്രതിഭാഗം കസ്റ്റഡി അപേക്ഷയെ എതിർത്തു. എന്നാൽ കോടതി ഇരുവരെയും ഈ മാസം 18 വരെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു. പാർട്ടിയിൽ ഇപ്പോളും പൂർണ പ്രതീക്ഷയുണ്ടെന്നായിരുന്നു താഹയുടെ പ്രതികരണം.
അടുത്ത ദിവസം ഇരുവരെയും കൂടുതൽ തെളിവെടുപ്പിനായി കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം എൻ.ഐ.എ ഉദ്യോഗസ്ഥർ ഇരുവരെയും ചോദ്യം ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമന് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.