കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപിലെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലം കണ്ടില്ലെന്ന് മുഹമ്മദ് ഫൈസല്‍ എംപി കുറ്റപ്പെടുത്തി. അഡ്മിനിസ്ട്രേറ്ററെ കേന്ദ്രം തിരികെ വിളിക്കുന്നില്ല. മദ്യനിരോധനം സംബന്ധിച്ച കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്നും മദ്യനിരോധനം പിന്‍വലിച്ചത് ഏകപക്ഷീയമായാണെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ലക്ഷദ്വീപില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലം കണ്ടില്ല. മദ്യ നിരോധനം പിന്‍വലിച്ചത് ഏകപക്ഷീയമെന്നും മദ്യ നിരോധന മേഖല സംബന്ധിച്ച് യാതൊരു കൂടിയാലോചനകളും നടന്നിട്ടില്ലെന്നും മുഹമ്മദ് ഫൈസല്‍ പ്രതികരിച്ചു. മദ്യം ടൂറിസത്തിന്റെ ഭാഗമെന്ന വാദം തെറ്റാണ്. മദ്യം ഇല്ലാതിരുന്നിട്ടും ടൂറിസത്തിന്റെ ഭാഗമായി ആളുകള്‍ ദ്വീപില്‍ എത്തുന്നുണ്ട്. സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പുറത്തിറക്കിയെന്ന് മുഹമ്മദ് ഫൈസല്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് വിഷയങ്ങള്‍ ഉന്നയിച്ച് നിവേദനം കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും നല്‍കുമെന്നും ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ അറിയിച്ചു.
മദ്യ നിരോധനം സംബന്ധിച്ച് ഇംഗ്ലീഷില്‍ മാത്രമാണ് ഐക്സൈസ് റെഗുലേഷന്‍ പുറത്തിറക്കിയത്. ദ്വീപില്‍ മദ്യ ഉല്‍പാദനത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത് നാടിന്റെ സംസ്‌കാരത്തിന് ഘടക വിരുദ്ധമാണ്. മദ്യം ടൂറിസത്തിന്റെ ഭാഗമെന്ന വാദം തെറ്റാണ്. മദ്യം ഇല്ലാതിരുന്നിട്ടും ടൂറിസത്തിന്റെ ഭാഗമായി ആളുകള്‍ എത്തുന്നുണ്ട്. ദ്വീപിന്റെ സമാധാനം കെടുത്താനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. ലക്ഷദ്വീപിലെ ജനങ്ങള്‍ ഈ എക്സൈസ് റെഗുലേഷനെതിരെ പ്രതിഷേധിക്കും. നിയമപരമായി നേരിടുമെന്നും എംപി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള ഉത്തരവും ഭരണകൂടം ഇറക്കിയിട്ടുണ്ട്. ഹിജാബ് നിരോധിച്ചത് വിദ്യാഭ്യാസത്തെ ബാധിച്ചാല്‍ ശക്തമായ പ്രതിഷേധം ആയിരിക്കും നടക്കുകയെന്ന് എം.പി പറഞ്ഞു. ലക്ഷദ്വീപിലെ ജനതയുടെ സൈ്വര്യ ജീവിതത്തിലേക്കുള്ള കടന്നു കയറ്റം എക്സൈസ് റെഗുലേഷനെ ലക്ഷദ്വീപിലെ ബിജെപി പോലും എതിര്‍ക്കുന്നു. ഇത്തരം നിയമ നിര്‍മ്മാണ പ്രക്രിയയില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നാണ് ജനതയുടെ ആവശ്യം. ഹിജാബ് നിരോധിച്ച ഉത്തരവും പിന്‍വലിക്കണം. വിഷയങ്ങള്‍ ഉന്നയിച്ച് നിവേദനം കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കുമെന്ന് എംപി വ്യക്തമാക്കി.