ഇന്നു മഹാകവി അക്കിത്തത്തിന്റെ ഓർമദിനമാണ്. മലയാള കവിതയിലേക്ക് ആധുനികത കൊണ്ടുവന്നവരിൽ മുൻനിരക്കാരൻ എന്ന നിലയിലാകും അക്കിത്തം എക്കാലവും ഓർമിക്കപ്പെടുന്നത്. ജ്ഞാനപീഠമേറിയ ആ കാവ്യ ജീവിതത്തിലേക്ക്.
“ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യ നിർമല പൗർണമി….
ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം….”
ചിരിയും കണ്ണീരും മറ്റുള്ളവർക്കായി പൊഴിക്കണമെന്നു പഠിപ്പിച്ച കവിയാണ് അക്കിത്തം. എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകളെന്നും എൻറെയല്ലീ മഹാക്ഷേത്രവുമെന്നു പാടി ഒന്നും സ്വന്തമല്ലെന്നോർമിപ്പിച്ചയാൾ.
അരിവെപ്പോന്റെ തീയിൽച്ചെ-
ന്നീയാംപാറ്റ പതിക്കയാൽ
പിറ്റേന്നിടവഴിക്കുണ്ടിൽ-
കാണ്മൂ ശിശു ശവങ്ങളെ
കരഞ്ഞു ചൊന്നേൻ ഞാനന്ന്
ഭാവി പൗരനോടിങ്ങനെ;
വെളിച്ചം ദുഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം
അരിവയ്ക്കുന്നവന്റെ തീയിൽ ഈയാംപാറ്റ പതിക്കുന്നു. പിറ്റേന്ന് ഇടവഴിക്കുണ്ടിൽ നിറയെ ഭക്ഷണം കിട്ടാതെ മരിച്ച കുട്ടികളുടെ ശവം. ഈ ഒരു കാഴ്ച കാണാൻ വെളിച്ചം ഇല്ലാതിരിക്കുകയാണു ഭേദം. കാരിരുമ്പിനേക്കാൾ കഠിനമായ ഈ കൽപന ഇരുപതാം നൂറ്റാണ്ടിന്റെ മാത്രമല്ല ഇനിയുള്ള നൂറ്റാണ്ടുകളിലേക്കുമുള്ള മലയാളിയുടെ ഇതിഹാസമായി.
തോക്കിനും വാളിനും വേണ്ടി ചെലവിട്ടോരിരുമ്പുകൾ
ഉരുക്കി വാർത്തെടുക്കാവു ബലമുള്ള കലപ്പകൾ
യുദ്ധത്തെയും ഹിംസയേയും തള്ളാൻ ഇതിനപ്പുറം ഏതുവേണം വരികൾ. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ വിയുജിപ്പുകൾ ഉയർന്നിട്ടുണ്ടെങ്കിലും ആ കവിതകൾ മലയാളത്തിന്റെ എക്കാലത്തേക്കുമുള്ള ഈടുവയ്പാണ്. അക്കിത്തം ആധുനികതയിലേക്കിട്ട പാലത്തിലൂടെയാണ് മലയാളി അതുവരെ അപരിതമായിരുന്ന ഒരുലോകം കണ്ടു തുടങ്ങിയത്.