India Kerala

പാക് അധിനിവേശ കശ്മീരില്‍ സൈനിക വിന്യാസവുമായി പാകിസ്താന്‍: ഇരുപതിനായിരത്തോളം സൈനികരെ വിന്യസിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍

പാക് ഭീകര സംഘടനകളെ ഉപയോഗിച്ച് കശ്മീരിൽ സംഘർഷമുണ്ടാക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യ

പാക് അധിനിവേശ കശ്മീരില്‍ സൈനിക വിന്യാസവുമായി പാകിസ്താന്‍. ഇരുപതിനായിരത്തോളം സൈനികരെ വിന്യസിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍. പാക് ഭീകര സംഘടനകളെ ഉപയോഗിച്ച് കശ്മീരിൽ സംഘർഷമുണ്ടാക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യ.

ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ പാകിസ്താന്‍റെയും പാക് ഭീകര സംഘടനകളുടെയും സഹായം ചൈന തേടുന്നുവെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

പാക് അധീന മേഖലയിലായ ഗില്‍ജിത് ബാള്‍ട്ടിസ്താനിലാണ് പാകിസ്ഥാന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൂടാതെ പാകിസ്താനിലെ ഭീകരസംഘടനയുമായി ചൈനീസ് സൈന്യം ചര്‍ച്ചകള്‍ നടത്തിയെന്നും സൂചനകളുണ്ട്.

ഇന്ത്യയുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപം കിഴക്കൻ ലഡാക്കിനടുത്തേക്ക് 20,000 സൈനികരെ പാകിസ്താൻ വിന്യസിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ലഡാക്കിൽ ഇന്ത്യയുമായി സംഘർഷമുണ്ടായതിന് പിന്നാലെ ഏകദേശം ഇത്രത്തോളം സൈനികരെ ചൈന ലഡാക്ക് മേഖലയിൽ വിന്യസിച്ചിരുന്നു.

അതിനിടെ കശ്മീരിൽ സിആര്‍പിഎഫ് പെട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. ഒരു പ്രദേശവാസിക്കും ജീവൻ നഷ്ടമായി. 3 ജവാന്മാർക്ക് പരിക്കേറ്റു. പരിക്കേറ്റ 2 ജവാന്മാരുടെ നില ഗുരുതരമാണ്. സോപോർ സെക്ടറിൽ നിരീക്ഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. സൈനിക നടപടി തുടരുകയാണെന്ന് ജമ്മുകശ്മീർ ഡിജിപി ഡിൽബാഗ് സിംഗ് അറിയിച്ചു.