Kerala

എ.കെ.ജി. സെന്റര്‍ ആക്രമണം; പ്രതിയുടെ ഷൂസ് കണ്ടെത്തി

എ.കെ.ജി. സെന്റര്‍ ആക്രമണത്തിൽ പ്രതി ജിതിനെ കോടതിയില്‍ ഹാജരാക്കി.
തെളിവെടുപ്പ് പൂര്‍ത്തിയായതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. പ്രതി കൃത്യം നടത്തുമ്പോള്‍ ധരിച്ചിരുന്ന ഷൂസ് കണ്ടെടുത്തു. എന്നാൽ ടി ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചെന്ന് പ്രതി പറഞ്ഞതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കോടതി സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

എകെജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലായ ജിതിന്‍ മണ്‍വിള സ്വദേശിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.

എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ രാത്രി 11 മണിയോടെ ജിതിന്‍ കാറില്‍ ഗൗരീശപട്ടത്തെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.അവിടെ ഒരു സുഹൃത്ത് എത്തിച്ച് നല്‍കിയ സ്‌കൂട്ടറാണ് പിന്നീട് എ.കെ.ജി സെന്ററിലെക്കെത്താന്‍ ഉപയോഗിച്ചത്. പടക്കം എറിഞ്ഞ് ജിതിന്‍ തിരികെ വരുന്നതുവരെ സുഹൃത്ത് കാറില്‍ കാത്തിരിക്കുകയും ചെയ്തു.ജിതിന്റെ സുഹൃത്തായ ആറ്റിപ്രയിലെ പ്രാദേശിക വനിത നേതാവാണ് ഇതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു.