Kerala

എകെജി സെന്റര്‍ ആക്രമണക്കേസ്: ജിതിന്റെ ടീഷര്‍ട്ട് കണ്ടെത്താനാകാതെ പൊലീസ്; സ്‌കൂട്ടര്‍ ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും

എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും.ആക്രമണത്തിന് ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഉടന്‍ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തേക്കും.എന്നാല്‍ കേസിലെ പ്രധാന തെളിവായി അന്വേഷണസംഘം ഉയര്‍ത്തുന്ന ടീഷര്‍ട്ട് കണ്ടെത്താന്‍ കഴിയാത്തത് തിരിച്ചടിയാണ്.നാളെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യമാകും പ്രതിഭാഗം ചൂണ്ടിക്കാണിക്കുക.ഡിയോ സ്‌കൂട്ടര്‍ എത്തിച്ചു നല്‍കിയ വനിതാ സുഹൃത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും. കൂടുതല്‍ അറസ്റ്റുകളും ഉടനുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം നല്‍കുന്ന വിവരം.

എകെജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലായ ജിതിന്‍ മണ്‍വിള സ്വദേശിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.

എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ രാത്രി 11 മണിയോടെ ജിതിന്‍ കാറില്‍ ഗൗരീശപട്ടത്തെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.അവിടെ ഒരു സുഹൃത്ത് എത്തിച്ച് നല്‍കിയ സ്‌കൂട്ടറാണ് പിന്നീട് എ.കെ.ജി സെന്ററിലെക്കെത്താന്‍ ഉപയോഗിച്ചത്. പടക്കം എറിഞ്ഞ് ജിതിന്‍ തിരികെ വരുന്നതുവരെ സുഹൃത്ത് കാറില്‍ കാത്തിരിക്കുകയും ചെയ്തു.ജിതിന്റെ സുഹൃത്തായ ആറ്റിപ്രയിലെ പ്രാദേശിക വനിത നേതാവാണ് ഇതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു.