Kerala

വിമോചന സമരത്തിന് സമാനമായി കലാപമുണ്ടാക്കാൻ ശ്രമം; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വിമോചന സമരത്തിന് സമാനമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞ് കേരളത്തിന്റെ ക്രമസമാധാന നില തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ഈ ബോംബെറിഞ്ഞയാളെ നാളെ കെപിസിസി സെക്രട്ടറിയായി നിയമിക്കാൻ പോലും ലജ്ജയില്ലാത്ത നേതൃത്വമാണ് ഇപ്പോൾ കോൺ​ഗ്രസിനുള്ളത്.

ഇടതുപക്ഷ തുടർഭരണം വന്നതിന് ശേഷം കേളത്തെ കലാപഭൂമിയാക്കി മാറ്റാൻ കോൺ​ഗ്രസും ബിജെപിയും ശ്രമിക്കുകയാണ്. കേസ് അന്വേഷണം നടക്കുന്നതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ല. അധികാരത്തിലെത്തി കട്ട് മുടിക്കാൻ ഇനി കഴിയില്ല എന്ന ചിന്തയാണ് ഇപ്പോൾ കോൺ​ഗ്രസിനുള്ളത്. ആക്രമണത്തിനെതിരെ ജനാധിപത്യപരമായി ഇടത് സംഘടനകൾ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ​ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. പാർട്ടി ഓഫീസുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അം​ഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വളരെ ​ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണിത്. സമാധാനം നിലനിർത്താൻ കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺ​ഗ്രസും ബിജെപിയും ചേർന്ന് നടത്തിയ ആക്രമണമാവാം എകെജി സെന്ററിന് നേരെയുണ്ടായതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു. പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ. അപലപനീയമായ സംഭവമാണിത്. തൃക്കാക്കര തെരഞ്ഞെടുപ്പു മുതൽ കോൺ​ഗ്രസ്- ബിജെപി രഹസ്യ സഖ്യമുണ്ട്. ഏത് പാർട്ടി ഓഫീസിന് നേരെയുള്ള അക്രമവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.