Kerala

ബഫർ സോൺ വിധി; പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ

ബഫർ സോൺ വിധിയിൽ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ. കേന്ദ്ര എംപവർ കമ്മറ്റി മുഖാന്തിരം കേന്ദ്ര സർക്കാരിലൂടെ സുപ്രിംകോടതിയെ സമീപിക്കാമെന്നാണ് എന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ഈ വഴിയിലൂടെ സഞ്ചരിച്ച് പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വനം മന്ത്രി പറഞ്ഞു. 1 കിലോമീറ്റർ ബഫർ സോൺ എന്നായിരുന്നു സുപ്രിംകോടതി നിർദ്ദേശം.

“വിധിന്യായത്തിന് എതിരായി സുപ്രിംകോടതിയെ സമീപിക്കുക എന്നാണ് ഒരു വഴി. അത് ആലോചിച്ചപ്പോൾ അങ്ങനെ ഒരു വഴിയുണ്ട് എന്നാണ് ഇപ്പോഴത്തെ നിഗമനം. രണ്ടാമത്തെ വഴി ബഹുമാനപ്പെട്ട സുപ്രിംകോടതി തന്നെ നിർദ്ദേശിച്ചിട്ടുള്ള വഴിയാണ്. സുപ്രിംകോടതി പറഞ്ഞിട്ടുള്ളത് ഈ വിഷയവുമായി ബന്ധപ്പെട്ട് ആവലാതികൾ ഉള്ളവർക്ക്, വ്യക്തികളായാലും സംസ്ഥാന സർക്കാരുകളായാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായാലും കേന്ദ്ര എംപവർ കമ്മറ്റി മുഖാന്തിരം കേന്ദ്ര സർക്കാരിലൂടെ സുപ്രിംകോടതിയെ സമീപിക്കാമെന്നാണ്. ഈ വഴി കോടതി തന്നെ കാണിച്ചുതന്നതിനാൽ ആ വഴിയിലൂടെ സഞ്ചരിച്ച് പരിഹാരം കാണാൻ കഴിയുമെന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നു. ഇതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന കത്തുകൾ അയച്ചുകഴിഞ്ഞു.”- മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപ്പെടണമെന്നാവശ്യപ്പെട്ട്‌ ഇന്ന് തൃശൂർ ജില്ലയിയിലെ മലയോര മേഖലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ജില്ലയിൽ മലയോര മേഖല ഹർത്താൽ നടത്തുമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ എം എം വർഗീസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ.

പീച്ചി, പാണഞ്ചേരി, എളനാട്‌, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നീ വില്ലേജുകളിലാണ്‌ ഹർത്താൽ. 1 കിലോമീറ്റർ ബഫർ സോൺ എന്ന സുപ്രീം കോടതി നിർദേശം പീച്ചി, വാഴാനി, ചിമ്മിനി തുടങ്ങി വന്യജീവി സങ്കേതങ്ങളോട്‌ ചേർന്ന വില്ലേജുകളിലെ ജനങ്ങളെയാകെ ബാധിക്കും. ഇതിനു പരിഹാരം വേണമെന്നാണ്‌ എൽഡിഎഫ്‌ ആവശ്യം.

പരിസ്‌ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം നടക്കും. വിഷയത്തിലെ സർക്കാർ നടപടികൾ യോഗത്തിൽ വിലയിരുത്തും. വനംമന്ത്രി, അഡ്വക്കേറ്റ് ജനറൽ, വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.