ചൊവ്വാഴ്ച റോഡ് സേഫ്റ്റി അതോറിറ്റിയുടെ അടിയന്തര യോഗം ചേരുമെന്നും ഗതാഗതമന്ത്രി അറിയിച്ചു
അവിനാശി അപകടത്തിന്‍റെ ഉത്തരവാദിത്തം കണ്ടെയ്നര്‍ ഡ്രൈവര്‍ക്കെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ലോറിയുടെ ടയര്‍ പൊട്ടിയല്ല അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ചൊവ്വാഴ്ച റോഡ് സേഫ്റ്റി അതോറിറ്റിയുടെ അടിയന്തര യോഗം ചേരുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.
കണ്ടെയ്നര്‍ ലോറികളില്‍ ലോക്ക് ഉപയോഗിക്കുന്നില്ലെന്നതും വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക്കിംഗ് സമ്പ്രദായത്തെപ്പറ്റി അറിയുന്നത് മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ്. കണ്ടെയ്നര്‍ ലോറികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നതിന് മീഡിയവണിനെ മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം അവിനാശി അപകടത്തെ കുറിച്ച് മോട്ടോർവാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷ്ണർക്ക് ഇന്ന് കൈമാറും. പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ, പി. ശിവകുമാർ തയ്യാറാക്കിയ റിപ്പോർട്ടാണ് ഇന്ന് വൈകിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറുക. ജയിലിൽ കഴിയുന്ന ലോറി ഡ്രൈവറെ ചോദ്യം ചെയ്യലിനായി വിട്ടു നൽകണമെന്ന് തമിഴ്നാട് പൊലീസ് കോടതിയിൽ ആവശ്യപ്പെടും.