Kerala

വന്യജീവി പ്രേമം മനുഷ്യസ്നേഹത്തേക്കാൾ അധികമാകുന്നതിന്റെ ദുരന്തമാണിത്; വനംമന്ത്രി

വന്യജീവി പ്രേമം മനുഷ്യസ്നേഹത്തേക്കാൾ അധികമാകുന്നതിന്റെ ദുരന്തമാണിതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങളുടെ സ്വൈര്യജീവിതത്തെ തുരങ്കം വെക്കുന്നു. കഴിഞ്ഞമാസം അരിക്കൊമ്പനെ പിടികൂടാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നതായിരുന്നു. ഉടനെ ഒരു ആനപ്രേമി ഹൈക്കോടതിയിൽ പോയി, ഇതൊരു ചെറിയ പ്രശ്നമല്ല. 7 മണിക്ക് കൊടുത്ത ഹർജി 8.30ന് അടിയന്തരമായി പരിഗണിച്ച് കോടതി അരിക്കൊമ്പനെ തൊട്ടുപോകരുതെന്ന് വിധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

നമ്മൾ കോടതിയിൽ ഒരു കേസ് കൊടുത്താൽ അതെടുപ്പിക്കാൻ എത്രകാലം കാത്തിരിക്കണമെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ കോടതി അടിയന്തരമായി കൂടുന്നുവെന്ന് കേട്ടപ്പോൾ അത്ഭുതപ്പെട്ടു.
ആ ഉത്തരവ് ഇല്ലാതിരുന്നെങ്കിൽ ജനങ്ങൾക്ക് സൗകര്യമായി ആനയെ നേരത്തെ പിടികൂടാമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പനെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ദൗത്യസംഘം സ്വതന്ത്രമായി പ്രവർത്തിക്കും. ചൂട് കൂടുതലായതുകൊണ്ടാകാം ഇന്ന് കണ്ടെത്താൻ ആകാത്തത്. ദൗത്യത്തിൽ നിന്ന് പിന്മാറാൻ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നു. കോടതിയിൽ ഹർജി പോയതുകൊണ്ടാണ് ചിന്നക്കനാലിലെ ജനങ്ങൾ ആശങ്കയിൽ ആയതെന്നും വനം മന്ത്രി പറഞ്ഞു. ജനങ്ങളുടെ സാന്നിധ്യം ദൗത്യം പൂർത്തിയാക്കുന്നതിന് സഹായകരമല്ല. വിമർശനമുന്നയിക്കുന്നവർക്ക് മാറി നിന്ന് വിമർശനമുന്നയിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.