മുല്ലപ്പെരിയാർ മരംമുറിക്കൽ ഉത്തരവിൽ വനം മന്ത്രിക്കും പാർട്ടിക്കും കടുത്ത അത്യപ്തി. താൻ ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറയുന്നു. മന്ത്രി മുഖ്യമന്ത്രിയെ അത്യപ്തി അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ആവശ്യം ഉന്നയിച്ചു. ഇടതു മുന്നണി യോഗത്തിലും ഇത് സംബന്ധിച്ച നിലപാട് അറിയിച്ചേക്കും. ( ak saseendran against mullaperiyar wood cutting )
അതിനിടെ, മരംമുറിക്കൽ ഉത്തരവിൽ സർക്കാർ വാദം തള്ളുന്ന തെളിവ് പുറത്ത് വന്നു. സംയുക്ത പരിശോധന നടത്തിയതിന്റെ തെളിവാണ് ഇപ്പോൾ പുറത്ത് വന്നത്. പരിശോധന നടന്നത് മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ തീരുമാനപ്രകാരമാണെന്ന് ഇതോടെ വ്യക്തമായി.
ജൂൺ 11ന് കേരള-തമിഴ്‌നാട് വനം ഉദ്യോഗസ്ഥർ ബേബി ഡാം പരിസരത്ത് സംയുക്ത പരിശോധന നടത്തി. ബേബി ഡാം ബലപ്പെടുത്തലിനെ പരിശോധനയിൽ കേരളം എതിർത്തില്ല. 15 മരങ്ങൾ മുറിച്ചുനീക്കണമെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർ നടപടിക്കായി മരം മുറിക്കൽ അനുമതി തേടി ഓൺലൈൻ അപേക്ഷയും നൽകി. കേരളത്തിന് കത്തയച്ചത് മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജാണ്. ജലവിഭവ സെക്രട്ടറി ടി.കെ ജോസിന് സെപ്തംബർ മൂന്നിനാണ് കത്ത് നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർ നടപടിയെടുത്തത്.
സംഭവം വിവാദമായതോടെ നിലവിൽ മരം മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കാനാകുമോയെന്ന് എജിയോട് സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്. അഡ്വക്കേറ്റ് ജനറലിനോടും സുപ്രിം കോടതിയിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സർക്കാർ നിയമോപദേശം തേടിയത്. ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി നിയമോപദേശം തേടിയതിന് ശേഷം. വിവാദ ഉത്തരവ് പുറത്തിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചനെതിരെ മാത്രം നടപടിയെടുത്താൽ ചോദ്യം ചെയ്യപ്പെടുമോയെന്ന് സർക്കാരിന് ആശങ്കയുണ്ട്.