India Kerala

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിന്‍റെ ഗുണം ഇടത്പക്ഷത്തിനും ലഭിക്കുമെന്ന് ആന്റണി

രാഹുല്‍ ഗാന്ധിയെ വിമർശിക്കാന്‍ ബി.ജെ.പിയുടെ വാക്കുകള്‍ സി.പി.എം കടം വാങ്ങുന്നുവെന്ന് എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. പെരിയ ഇരട്ട കൊലപാതകത്തില്‍ സിബിഐ അന്വഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷം ആന്‍റണി പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന്‍റെ ഗുണം ഇടത്പക്ഷത്തിനും ലഭിക്കും. തമിഴ്നാട്ടില്‍ നീലഗിരിക്കടുത്ത് രണ്ട് മണ്ഡലങ്ങളില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കുന്നു, രാഹുലിന്‍റെ വയനാട്ടിലെ സാനിധ്യം അവര്‍ക്ക് അവിടെ ജയമൊരുക്കുമെന്നും ആന്‍റണി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളല്‍ പങ്കെടുക്കാന്‍ കാസർകോടെത്തിയതായിരുന്നു അദ്ദേഹം. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങളെയും ആന്‍റണി സന്ദര്‍ശിച്ചു. ഇരട്ട കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. എന്നാല്‍ എം.കെ രാഘവനെതിരായ ആരോപണത്തില്‍ ആന്‍റണി പ്രതികരിച്ചില്ല, താന്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും വിഷയത്തില്‍ അപ്പോള്‍ പ്രതികരിക്കുമെന്നും വിശദീകരിച്ചു.