പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ മരിച്ച ഐശ്വര്യയുടെ ഭര്‍ത്താവ്. തങ്കം ആശുപത്രിയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഐശ്വര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് പറഞ്ഞു.
സമാന സംഭവങ്ങള്‍ പുനഃപരിശോധിച്ച് നടപടിയെടുക്കണം. അറസ്റ്റിലായ ഡോക്ടര്‍ അജിത്തിനെതിരേ സമഗ്ര അന്വേഷണം വേണമെന്നും രഞ്ജിത്ത് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ മൂന്നു ഡോക്ടര്‍മാരെയും രോഗികളെ ചികിത്സിയ്ക്കുന്നത് തടയണം. ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തരാണ്. പൊലീസിന്റെയും സര്‍ക്കാരിന്റെയും സഹകരണം കൊണ്ടാണ് അറസ്റ്റ് നടപടിയുണ്ടായതെന്നും രഞ്ജിത്ത് പറഞ്ഞു.
ഡോക്ടകര്‍മാരെ ന്യായീകരിക്കുന്ന ഐഎംഎ നിലാപാട് തിരുത്തണം. സമയത്തിന് രക്തം എത്തിയ്ക്കാന്‍ പോലും തങ്കം അധികൃതര്‍ സഹായിച്ചില്ലെന്നും രഞ്ജിത്ത് ആരോപിച്ചു.
സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പ് നടപടികള്‍ തുടങ്ങി. കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുടെയും കുഞ്ഞിനെയും മരണത്തില്‍ ആശുപത്രിക്ക് പിഴവ് പറ്റി എന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടുന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയത്. ആശുപത്രിക്കെതിരെയുള്ള നടപടികള്‍ അടക്കം, റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം ആരോഗ്യവകുപ്പ് സ്വീകരിക്കും. ഐശ്വര്യയുടെ ബന്ധുക്കളുടെ പരാതിയില്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐശ്വര്യയെ ചികിത്സിച്ച മൂന്ന് ഡോക്ടര്‍മാരെയും വിളിച്ചുവരുത്തി മൊഴിയെടുത്ത പോലീസ് തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഡോക്ടര്‍മാരായ,പ്രിയദര്‍ശിനി അജിത്, നിള എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.തുടര്‍ന്ന് മൂവരേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തലുകളെ ഐശ്വര്യയുടെ കുടുംബം സ്വാഗതം ചെയ്തു.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഐശ്വര്യയുടെ കുഞ്ഞ് മരിക്കുന്നത്. ജൂലൈ നാലിന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഐശ്വര്യയും മരണത്തിന് കീഴടങ്ങി.ഇതോടെ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ പ്രതിഷേധിച്ചിരുന്നു.ഐശ്വര്യയെ ഒന്‍പതുമാസവും പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ആയിരുന്നില്ല, പ്രസവസമയത്ത് ഉണ്ടായിരുന്നതെന്നും കുടുംബം ആരോപിച്ചിരുന്നു.