രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ചാനൽ ചർച്ചയിലെ പരാമർശത്തിൽ കവരത്തി പൊലീസാണ് ഐഷക്കെതിരെ കേസെടുത്തത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച ഐഷ സുൽത്താനക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാനും, അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിടണമെന്നായിരുന്നു കോടതി നിർദേശിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മണിക്കൂറുകളോളമാണ് കവരത്തി പൊലീസ് ഐഷ സുൽത്താനയെ ചോദ്യം ചെയ്തത്. മീഡിയവൺ ചാനൽ ചർച്ചക്കിടെ നടന്ന പരാമർശത്തെ തുടർന്നാണ് ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. എന്നാൽ, കുറ്റം നിലനിൽക്കുന്ന ഒന്നും താൻ പ്രവർത്തിച്ചില്ലെന്നും സംഭവിച്ച പിഴവ് തിരുത്തുകയുണ്ടായെന്നും ഐഷ സുൽത്താന കോടതിയെയും കവരത്തി പൊലീസിനെയും ബോധിപ്പിച്ചിരുന്നു.